സുഹാസ് വധം; എൻ.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: ഗുണ്ടാ നേതാവും ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട കേസിൽ എൻ.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എൻ.ഐ.എ അന്വേഷണം വേണമെന്നത് ബി.ജെപിയുടെ ആവശ്യമാണ്. സുഹാസ് വധക്കേസ് അന്വേഷണത്തിൽ പൊലീസ് അവരുടെ ഡ്യൂട്ടി നന്നായി നിർവഹിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇതുവരെ എട്ടു പേർ കേസിൽ അറസ്റ്റിലായി. അന്വേഷണം പുരോഗതിയിലാണ്. ഈ ഘട്ടത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യമില്ല’- ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ കുടുംബത്തെ സർക്കാറിന്റെ ഭാഗത്തുനിന്ന് ആരും സന്ദർശിക്കുകയോ ആശ്വാസമേകുകയോ ചെയ്യാതിരുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സുഹാസിനെതിരെ അഞ്ച് ക്രിമിനൽ കേസുകളുള്ളതായി പരമേശ്വര ചൂണ്ടിക്കാട്ടി.
‘ദയവു ചെയ്ത്, ഇതൊരു കൊലപാതകക്കേസ് മാത്രമാണെന്ന് മനസ്സിലാക്കുക. കൊല്ലപ്പെട്ടയാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. അതുകൊണ്ടാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ജനപ്രതിനിധികളാരും അവരുടെ വീട് സന്ദർശിക്കാതിരുന്നത്. ആ കുടുംബത്തിന് സർക്കാർ നീതി ലഭ്യമാക്കും- അദ്ദേഹം പറഞ്ഞു. വർഗീയ സംഘർഷങ്ങൾ തുടരുന്ന തീരദേശ മേഖലയിൽ വർഗീയ വിരുദ്ധ കർമസേനയെ സ്ഥിരമായി വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാന്തിഗുഡ്ഡെ സ്വദേശിയും ഡ്രൈവറുമായ അബ്ദുൾ സഫ്‌വാൻ (29), മേസൺ ജോലിക്കാരനായ ശാന്തിഗുഡ്ഡെ സ്വദേശി നിയാസ് (28), സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കെഞ്ചാർ സ്വദേശി മുഹമ്മദ് മുസമിൽ (32), ബംഗളൂരുവിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കുർസുഗുഡ്ഡെ സ്വദേശി കലന്തർ ഷാഫി (31), ഡ്രൈവറായി ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി രഞ്ജിത്ത് (19), ഷാമിയാന (ടെന്റ്) ഷോപ്പിൽ ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി നാഗരാജ് (20), സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ജോക്കട്ടെ സ്വദേശി മുഹമ്മദ് റിസ്വാൻ (28), ഫാസിലിന്റെ സഹോദരൻ ആദിൽ മഹറൂഫ് (19) എന്നിവരാണ് സുഹാസ് വധക്കേസിൽ ഇതുവരെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

