സുഹാസ് വധം വാടകക്കൊല; എട്ടുപേർ അറസ്റ്റിൽ
text_fieldsആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു സമീപം
മംഗളൂരു: ഗുണ്ടാ സംഘത്തലവൻ സുഹാസ് ഷെട്ടി(30) വധക്കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ശനിയാഴ്ച മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാന്തിഗുഡ്ഡെ സ്വദേശിയും ഡ്രൈവറുമായ അബ്ദുൽ സഫ്വാൻ (29), മേസൺ ജോലിക്കാരനായ ശാന്തിഗുഡ്ഡെ സ്വദേശി നിയാസ് (28), സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കെഞ്ചാർ സ്വദേശി മുഹമ്മദ് മുസമിൽ (32), ബംഗളൂരുവിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കുർസുഗുഡ്ഡെ സ്വദേശി കലന്തർ ഷാഫി (31), ഡ്രൈവറായി ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി രഞ്ജിത്ത് (19), ഷാമിയാന (ടെന്റ്) ഷോപ്പിൽ ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി നാഗരാജ് (20), സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ജോക്കട്ടെ സ്വദേശി മുഹമ്മദ് റിസ്വാൻ (28), ഫാസിലിന്റെ സഹോദരൻ ആദിൽ മഹറൂഫ് (19) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഇപ്പോൾ ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും മന്ത്രി അറിയിച്ചു. കൊലപാതകം എട്ട് പേരടങ്ങുന്ന സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. മേയ് ഒന്നിന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തി.
പ്രതികൾ സ്വിഫ്റ്റ് കാറിലും ബൊലേറോ പിക്കപ് ട്രക്കിലുമാണ് എത്തിയത്. ഷെട്ടിയുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി കൊലപ്പെടുത്തി.
2023ലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സുഹാസ് ഷെട്ടിയിൽനിന്ന് പ്രതികാര ആക്രമണം ഉണ്ടാവാമെന്ന് ഭയപ്പെട്ട അബ്ദുൽ സഫ്വാനാണ് ഗൂഢാലോചനക്ക് തുടക്കമിട്ടത്. മറ്റ് രണ്ട് പ്രതികളുമായി അദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെച്ചു.
അവർ ഒരുമിച്ച് 2022ൽ സൂറത്ത്കലിൽ കൊല്ലപ്പെട്ട കാട്ടിപ്പള്ള സ്വദേശി മുഹമ്മദ് ഫാസിലിന്റെ സഹോദരൻ ആദിൽ മഹറൂഫിനെ സമീപിച്ചു. അയാൾക്ക് സഫ്വാനുമായി പരിചയമുണ്ടായിരുന്നു. കൊലപാതകം നടത്താൻ അഞ്ച് ലക്ഷം രൂപക്ക് കരാർ ഉണ്ടാക്കി. മൂന്ന് ലക്ഷം രൂപ മുൻകൂറായി നൽകി.
ഗൂഢാലോചന പുരോഗമിക്കുന്നതിനിടയിൽ, കലാധർ ഷാഫി, റിസ്വാൻ, നിയാസ് എന്നിവർ പങ്കുചേർന്നു. നിയാസ് വഴി കലാസയിൽ നിന്നുള്ള രഞ്ജിത്ത്, നാഗരാജ് എന്നിവരെക്കൂടി പദ്ധതിയിലേക്ക് കൊണ്ടുവന്നു. നാഗരാജും രഞ്ജിത്തും സഫ്വാന്റെ വീട്ടിൽ താമസിച്ചിരുന്നു.
നിയാസുമായി നല്ല പരിചയമുണ്ടായിരുന്നു. പ്രതികൾ മുമ്പ് രണ്ടുതവണ സുഹാസ് ഷെട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങൾ വാടകക്കെടുത്തതാണെന്ന് കണ്ടെത്തി-അഗർവാൾ പറഞ്ഞു.
മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണോ കൊലപാതകം എന്ന ചോദ്യത്തിന് ‘‘സഫ്വാന്റെയും ആദിൽ മഹറൂഫിന്റെയും ഉദ്ദേശ്യങ്ങൾ പൊരുത്തപ്പെട്ടു’’ എന്ന് കമീഷണർ മറുപടി നൽകി. കൊലപാതകത്തിനുശേഷം പുറത്തുവന്ന വൈറൽ വിഡിയോയെക്കുറിച്ചുള്ള ആശങ്കകൾ വ്യക്തമാക്കി കമീഷണർ അഗർവാൾ പറഞ്ഞു: ‘‘വിഡിയോയിൽ കാണുന്ന ബുർഖ ധരിച്ച രണ്ട് സ്ത്രീകൾ പ്രതികളിൽ ഒരാളുടെ ബന്ധുക്കളാണ്. അവർ ബജ്പെയിൽ എത്തിയിരുന്നു, അവരെയും ചോദ്യം ചെയ്യും’’.
തീരജില്ലകളിൽ വർഗീയ വിരുദ്ധ കർമസേന രൂപവത്കരിക്കും
അഷ്റഫ്, സുഹാസ് വധ പശ്ചാത്തലത്തിൽ മന്ത്രിതല യോഗ തീരുമാനം
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സമാധാനം നിലനിർത്തുന്നതിനും അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമായി വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനം. ശനിയാഴ്ച മംഗളൂരുവിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആർ. ഹിതേന്ദ്ര, ഇരുജില്ലകളിലേയും മുതിർന്ന പൊലീസ് ഓഫിസർമാർ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
മലയാളിയായ അഷറഫിനെ സംഘ്പരിവാർ എന്ന് ആരോപിക്കപ്പെടുന്ന ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം, ഗുണ്ടാ തലവനും ബജ്റംഗ്ദൾ -വി.എച്ച്.പി പ്രവർത്തകനുമായ സുഹാസ് ഷെട്ടി വധം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
ആന്റി നക്സൽ ഫോഴ്സിന്റെ മാതൃകയിലായിരിക്കും ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുകയെന്നും ആഴ്ചകൾക്കുള്ളിൽ ഇത് സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കാർക്കും പിന്തുണക്കുന്നവർക്കും ഉൾപ്പെടെ വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാൻ ഈ സേനക്ക് പൂർണ നിയമപരമായ അധികാരങ്ങൾ നൽകും.
വർഗീയ അക്രമത്തിൽ ഏർപ്പെടുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതൊരാൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ ടാസ്ക് ഫോഴ്സിന് വ്യക്തമായ അധികാരമുണ്ടായിരിക്കും. നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും അവർക്കായിരിക്കും-മന്ത്രി പറഞ്ഞു.
പ്രകോപനപരമായ പ്രസംഗങ്ങളോ പ്രകോപനപരമായ പ്രസ്താവനകളോ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡോ. പരമേശ്വര കൂട്ടിച്ചേർത്തു. ഇത്തരം ഘടകങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടും. സംസ്ഥാനത്ത് നിലവിൽ നക്സൽ സാന്നിധ്യം ഇല്ലാത്തതിനാൽ, നക്സൽ വിരുദ്ധ സേനയുടെ എണ്ണം ക്രമേണ കുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

