വില വർധന ആവശ്യപ്പെട്ട് കരിമ്പ് കർഷകരുടെ പ്രതിഷേധം
text_fieldsറാണി ചെന്നമ്മ സർക്കിളിൽ കരിമ്പ് കർഷകർ നടത്തിയ പ്രതിഷേധം
ബംഗളൂരു: കരിമ്പിന്‍റെ ന്യായവില (എഫ്.ആർ.പി) വർധിപ്പിക്കണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ പൂർണ്ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കർണാടക രാജ്യ റൈത്ത സംഘത്തിന്‍റെയും ഹസിരു സേനയുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് കരിമ്പ് കർഷകർ ചൊവ്വാഴ്ച റാണി ചെന്നമ്മ സർക്കിളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കരിമ്പിന്‍റെ താങ്ങുവില ടണ്ണിന് 5,500 രൂപയായി നിശ്ചയിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ശാസ്ത്രീയമായി വില നിശ്ചയിക്കുക, ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന മഹാദായി പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
കരിമ്പിന് ന്യായമായ വില നിശ്ചയിക്കാൻ സർക്കാറുകൾ നടപടി സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി സമര സ്ഥലം സന്ദർശിക്കുന്നതുവരെ സമരം പിൻവലിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കരിമ്പ് കർഷകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ഒമ്പത് വർഷമായി കരിമ്പിന്‍റെ താങ്ങുവില വർധിപ്പിച്ചിട്ടില്ലാത്തതിനാൽ അത് ഇരട്ടിയാക്കണം. കൂടാതെ ഉത്തർപ്രദേശിലും ഗുജറാത്തിലും നടപ്പാക്കുന്നത് പോലെ എഥനോൾ സംഭരണം നടത്തണം. പഞ്ചസാര വില വർധനക്കും ഉൽപാദനച്ചെലവിനും ആനുപാതികമായ വില കരിമ്പ് കർഷകർക്ക് ലഭിക്കുന്നില്ലെന്ന് കർണാടക രാജ്യ റൈത്ത സംഘത്തിന്‍റെയും ഹസിരു സേനയുടെയും സംസ്ഥാന പ്രസിഡന്‍റ് ചുന്നപ്പ പൂജാരി പറഞ്ഞു. ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി തരതമ്യം ചെയ്യുമ്പോള്‍ കർണാടകയിൽ എഥനോൾ സംഭരണം താരതമ്യേന കുറവാണ്. സംസ്ഥാനത്തെ ഉൽപാദകരിൽ നിന്ന് 100 ശതമാനം എഥനോൾ സംഭരണം സർക്കാർ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സര്‍ക്കാറുകള്‍ തുടർച്ചയായി പരാജയപ്പെട്ടുവെന്ന് കർണാടക രാജ്യ റൈത്ത സംഘ സെക്രട്ടറി വിദ്യാസാഗർ ആരോപിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നൽകിയ വാഗ്ദാനത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം കൃഷിച്ചെലവും വളത്തിന്‍റെ വിലയും വര്‍ധിച്ചുവെന്നും കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് സർക്കാർ ആദായകരമായ വില ഉറപ്പാക്കണമെന്നും വിദ്യാസാഗർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

