മിനിമം താങ്ങുവില ആവശ്യപ്പെട്ട് കരിമ്പ് കർഷകരുടെ പ്രതിഷേധം
text_fieldsകലബുറുഗി ചിഞ്ചോളിയിലെ കരിമ്പ് കർഷകർക്ക് മിനിമം താങ്ങുവില നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കർഷകർ തഹസിൽദാർ സുബ്ബണ്ണ ജമഖണ്ഡിക്ക് നിവേദനം നൽകുന്നു
ബംഗളൂരു: കലബുറുഗി ചിഞ്ചോളിയിലെ കരിമ്പ് കർഷകർക്ക് മിനിമം താങ്ങുവില (എം.എസ്.പി) നൽകണമെന്നാവശ്യപ്പെട്ട് കർണാടക പ്രാന്ത കർഷക സംഘവും (കെ.പി.ആർ.എസ്) താലൂക്ക് കർഷക ഹിതരക്ഷാ സമിതി അംഗങ്ങളും ചിഞ്ചോളിയിലെ സിദ്ധസിരി എത്തനോൾ പവർ യൂനിറ്റിന് പുറത്ത് പ്രതിഷേധിച്ചു.
നവംബർ 15ന് ജില്ല ചുമതലയുള്ള മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു ടൺ കരിമ്പിന് 2950 രൂപ താങ്ങുവിലയും പഞ്ചസാര ഫാക്ടറി ഉടമകളിൽനിന്ന് 50 രൂപ അധിക താങ്ങുവിലയും കർഷകർക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സിദ്ധസിരി പഞ്ചസാര ഫാക്ടറി ഉടമ ഓരോ കർഷകനും 2550 രൂപ മാത്രം നൽകി കരാർ ലംഘിച്ചു എന്ന് കെ.പി.ആർ.എസ് കലബുറുഗി ജില്ല പ്രസിഡന്റ് ശരണബസപ്പ മമഷെട്ടി പറഞ്ഞു. ഫാക്ടറി തുറന്നപ്പോൾ കലബുറുഗി യിലെ കർഷകർക്ക് ഫാക്ടറി 100 രൂപ കൂടി നൽകുമെന്ന് നിയമസഭാംഗം ബസനഗൗഡ പാട്ടീൽ യത്നാൽ ഉറപ്പുനൽകിയിരുന്നു. ഇതും പാലിച്ചില്ലെന്നും കർഷകർ ആരോപിച്ചു. തഹസിൽദാർ സുബ്ബണ്ണ ജമഖണ്ഡി, പവർ എത്തനോൾ യൂനിറ്റ് ജനറൽ മാനേജർ ദയാനന്ദ ബനാഗര എന്നിവർക്ക് നിവേദനം നൽകി. പഞ്ചസാര ഫാക്ടറി ഉടമകളുമായി യോഗം നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

