കർണാടകയിൽ ശിശുമരണങ്ങൾ കുറഞ്ഞെന്ന് പഠന റിപ്പോർട്ട്
text_fieldsബംഗളൂരു: ശിശുക്കളുടെ ആരോഗ്യ ഫലങ്ങളിൽ കർണാടകയിൽ ഗണ്യമായ പുരോഗതിയുണ്ടായതായി പഠന റിപ്പോർട്ട്. കഴിഞ്ഞ ദശകത്തിൽ ശിശുമരണ നിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞു. 1,000 ജീവനുള്ള ജനനങ്ങളിൽ ഒരു വയസ്സിന് താഴെയുള്ള ശിശുക്കളുടെ മരണനിരക്കാണ് കുറഞ്ഞത് . സംസ്ഥാനത്തെ നിരക്ക് 2021-ൽ 17 ആയിരുന്നത് 2022-ൽ രണ്ട് പോയന്റ് കുറഞ്ഞ് 15 ആയി. മുൻ ദശകത്തെ അപേക്ഷിച്ച് 2020-22 ൽ 50.4 ശതമാനം കുറഞ്ഞു. 2010-12 ലെ 34.9ൽനിന്ന് ശരാശരി 17.3 ആയാണ് കുറഞ്ഞത്.
കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സമാനമായ പുരോഗതി ഉണ്ടായി. ശിശുമരണ കേസുകളിൽ ഏകദേശം 50 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, മെച്ചപ്പെട്ട നവജാത ശിശു പരിചരണം, മെച്ചപ്പെട്ട സ്ഥാപനപരമായ പ്രസവ നിരക്കുകൾ എന്നിവയാണ് ഇതിന് ആരോഗ്യ വിദഗ്ധർ കാരണമായി പറയുന്നത്.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ലീഡ് നിയോനാറ്റോളജിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ. രജത് ആത്രേയ, സർക്കാർ, സ്വകാര്യ സൗകര്യങ്ങൾ ഇതിന് സംഭാവന നൽകിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. "കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്ഥാപനപരമായ പ്രസവങ്ങളും സുരക്ഷിതമായ പ്രസവ രീതികളും വർധിച്ചു. നിരവധി സർക്കാർ സൗകര്യങ്ങൾ നവീകരിച്ചു, പ്രത്യേക നവജാത ശിശു പരിചരണ യൂനിറ്റുകൾ സ്ഥാപിച്ചു.
നഗരങ്ങളിൽ സ്വകാര്യ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെട്ടു, വാക്സിനേഷൻ കവറേജും മെച്ചപ്പെട്ടു," അദ്ദേഹം പറഞ്ഞു. ഈ പുരോഗതിക്കിടയിലും അകാല ജനനം, അണുബാധകൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ജില്ലകളിലും സംസ്ഥാനങ്ങളിലും ചെയ്ത കാര്യങ്ങൾ ആവർത്തിക്കുന്നതിലൂടെയും ലഭ്യമായ ഫണ്ടുകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിലൂടെയും മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുൾപ്പെടെ, സംസ്ഥാനത്തിനുള്ളിലെ പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ആത്രേയ എടുത്തുപറഞ്ഞു.
അതേസമയം നവജാത ശിശു മരണനിരക്ക്, അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ 28 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന മരണങ്ങൾ, ഏറ്റവും വലിയ ആശങ്കയായി തുടരുന്നു. ജനനസമയത്ത് നവജാത ശിശുക്കൾക്ക് നൽകുന്ന പരിചരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ബംഗളൂരു ആസ്ഥാനമായുള്ള ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. സുമൻ റാവു പറഞ്ഞു. 2021 ലും 2022 ലും ഇന്ത്യയുടെ നവജാത ശിശു മരണ നിരക്ക് 19 ആയിരുന്നെങ്കിൽ കർണാടക 2021 ലെ 13ൽ നിന്ന് 2022ൽ 12 ആയി നേരിയ തോതിൽ മെച്ചപ്പെട്ടു.
അകാല ഗർഭധാരണമുള്ള സ്ത്രീകൾക്ക് ശരിയായ സമയത്ത് ആന്റിനറ്റൽ കോർട്ടികോസ്റ്റീറോയിഡുകൾ നൽകുന്നത് മെച്ചപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ കുഞ്ഞുങ്ങൾക്ക് അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പ്രസവ കേന്ദ്രങ്ങളിലും കുറഞ്ഞത് ഒരാളെങ്കിലും അടിസ്ഥാന നവജാത ശിശു പുനരുജ്ജീവനത്തിൽ പരിശീലനം നേടിയിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- ഡോ. റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

