തട്ടിക്കൊണ്ടുപോകൽ, കോളജ് മാറാൻ വിദ്യാർഥിനി മെനഞ്ഞ കെട്ടുകഥ
text_fieldsമംഗളൂരു: ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്. ഗ്രാമത്തിലെ കോളജിൽനിന്ന് നഗരത്തിലേക്ക് മാറാൻ വിദ്യാർഥിനി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൈയിലും മറ്റും ബ്ലേഡ് ഉപയോഗിച്ച് സ്വയം മുറിവേൽപിക്കുകയായിരുന്നു.
സുഡെമുഗേരക്ക് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും കത്തി ഉപയോഗിച്ച് ആക്രമിച്ചതായും വിദ്യാർഥിനി തിങ്കളാഴ്ച ആരോപിച്ചിരുന്നു. പരാതിയെത്തുടർന്ന് ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ചയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിക്കുകയും സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.
കാറിന്റെ നമ്പർ പ്ലേറ്റ് തുണികൊണ്ട് മൂടിയിരുന്നെന്നും മുഖംമൂടി ധരിച്ച മൂന്നുപേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും പിന്നിൽനിന്ന് ഒരു ബൈക്ക് വരുന്നത് കണ്ടതിനെത്തുടർന്ന് അവർ ഓടിക്കളഞ്ഞെന്നും വിദ്യാർഥിനി പൊലീസിനോട് പറഞ്ഞിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കാറിന്റെ നിറം, മോഡൽ, സംഭവത്തിന്റെ കൃത്യമായ സ്ഥലം തുടങ്ങിയ പ്രത്യേക വിവരങ്ങൾ ലഭിക്കാൻ പൊലീസ് വിദ്യാർഥിനിയെ കൂടുതൽ ചോദ്യംചെയ്തു. പരസ്പരവിരുദ്ധമായ ഉത്തരമാണ് ലഭിച്ചത്. തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നില്ലെന്ന് വിദ്യാർഥിനി ഒടുവിൽ സമ്മതിച്ചു.
ഗ്രാമീണ കോളജിൽനിന്ന് മംഗളൂരു നഗരത്തിലെ കോളജിലേക്ക് മാറാൻവേണ്ടി താൻ കഥ കെട്ടിച്ചമച്ചതാണെന്ന് പി.യു.സി ഒന്നാംവർഷ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു.
കഥ യാഥാർഥ്യമാക്കാൻ, ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈമുറിച്ചതായി സമ്മതിച്ചു. പരിക്കുകളുടെ സ്വഭാവവും മൊഴികളിലെ പൊരുത്തക്കേടുകളും പരിശോധിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

