‘വിദ്യാര്‍ഥി യൂനിയനുകൾ പുനഃസ്ഥാപിക്കണം’
text_fieldsബംഗളൂരു: സംസ്ഥാന കാമ്പസുകളിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ കര്‍ണാടക(എസ്.ഐ.ഒ) സംസ്ഥാന സർക്കാറിന് ശിപാർശ സമർപ്പിച്ചു. കാമ്പസ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനായി എസ്.ഐ.ഒ. സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ശിപാർശ.
ഗൂഗിൾ ഫോം വഴി നടത്തിയ സർവേയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് പ്രതികരണങ്ങൾ ശേഖരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള മാർഗമായിരുന്നു കാമ്പസ് തെരഞ്ഞെടുപ്പുകൾ. വിദ്യാര്‍ഥികളിലെ നേതൃത്വപരമായ കഴിവുകൾ തിരിച്ചറിയാനും വികസിപ്പിക്കുന്നതിനും സഹായിച്ചിരുന്നു. വിദ്യാര്‍ഥികളും കോളജ് ഭരണകൂടങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദിയായിരുന്നു വിദ്യാര്‍ഥി യൂനിയനുകള്‍. ആദ്യം പൈലറ്റ് മോഡല്‍ തെരഞ്ഞെടുപ്പ് നടത്തണം. സ്ഥാനാർഥികൾക്ക് പ്രായപരിധി നിശ്ചയിക്കണം. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സംഘടനകള്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാര്‍ഥി യൂനിയൻ തെരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന സംഘടനയുടെ ദീർഘകാല ആവശ്യം എസ്.ഐ.ഒ കർണാടക സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹയ്യാൻ ആവർത്തിച്ചു. വിദ്യാര്‍ഥികൾക്കിടയിൽ രാഷ്ട്രീയ അവബോധം, സാമൂഹിക ഉത്തരവാദിത്തം, ജനാധിപത്യമൂല്യം എന്നിവ വളർത്തുന്നതിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലിങ്ദോ കമ്മിറ്റി ശിപാർശകൾ വർത്തമാനകാല യാഥാർഥ്യങ്ങൾക്ക് അനുസൃതമായി അപ്ഡേറ്റ് ചെയ്യണം. വിദ്യാഭ്യാസ വിദഗ്ധർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, വിദ്യാര്‍ഥി സംഘടനകൾ എന്നിവരുമായി കൂടിയാലോചന നടത്തണം -എസ്.ഐ.ഒ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. എസ്.ഐ.ഒ കർണാടകയിൽനിന്നുള്ള പ്രതിനിധിസംഘം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ശരണപ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ എന്നിവർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. കോൺഗ്രസ് എം.എൽ.സി റിസ് വാന്‍ അർഷാദിനെയും പ്രതിനിധിസംഘം അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. എസ്.ഐ.ഒ കർണാടക സംസ്ഥാന പ്രസിഡന്റ് എസ്. ആദി അൽ ഹസൻ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹയ്യാൻ, സംസ്ഥാന സെക്രട്ടറി അബൂബക്കർ സിദ്ദീഖ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

