എം.എൽ.എ വിദ്യാർഥികളെ ഇളക്കിവിട്ട് ജയ് ശ്രീറാം വിളിപ്പിച്ചു -കോൺഗ്രസ്
text_fieldsബി. രമാനാഥ റൈയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സെന്റ് ജെറോസ സ്കൂൾ സന്ദർശിക്കുന്നു
മംഗളൂരു: സെന്റ് ജെറോസ ഇംഗ്ലീഷ് സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭക്കെതിരെ മംഗളൂരു സൗത്ത് എം.എൽ.എയും ബി.ജെ.പി നേതാവുമായ വേദവ്യാസ് കാമത്താണ് വിദ്യാർഥികളെ ഇളക്കിവിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ.
സ്കൂൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി ബി. രമാനാഥ റൈയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം.
ഏകപക്ഷീയ നീക്കങ്ങളിലൂടെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്യുന്നതുവരെ സംഭവങ്ങൾ എത്തിച്ചത്. ക്ലാസ് മുറിയിൽ അധ്യാപിക ഏതാനും നിമിഷങ്ങൾ മാത്രം പറഞ്ഞ കാര്യങ്ങളാണ് പുറത്തെത്തിയത്.
വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കോൺഗ്രസ് സംഘം വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടു.
കെ.പി.സി.സി വക്താവ് ഫർസാന, മുൻ എം.എൽ.എ ജെ.ആർ. ലോബോ, മമത ഗട്ടിൻ, ശശിധർ ഹെഗ്ഡെ, ഷാഹുൽ ഹമീദ്, ഷാലറ്റ് പിന്റോ എന്നിവരാണ് കോൺഗ്രസ് സംഘത്തിലുണ്ടായിരുന്നത്.

