കർണാടക രാഷ്ട്രീയത്തിൽ സ്റ്റിങ് ഓപറേഷന് വിവാദം; നടത്തിയതിന് തെളിവുകള്‍ കൈവശമുണ്ട് -മുഖ്യമന്ത്രി
text_fieldsബംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സ്റ്റിങ് ഓപറേഷൻ നടത്താൻ ഏജൻസികളെ ചുമതലപ്പെടുത്തി, സർക്കാറിനെ കുരുക്കിലാക്കാൻ ശ്രമിച്ചതിന് തെളിവുകൾ ലഭിച്ചതായി ഡി.കെ. ശിവകുമാർ. സ്റ്റിങ് ഓപറേഷനിലൂടെ തന്നെ കുടുക്കാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോഗ്രാഫുകളും രേഖകളും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശിവകുമാർ സ്റ്റിങ് ഓപറേഷൻ നടത്തിയതായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചതിന് പിറകെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പൊലീസ് ഉദ്യോഗസ്ഥർ വഴി ആളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്കെതിരെയുള്ള രേഖകൾ തയ്യാറാണ്. എന്തിന്റെ പേരിലാണ് അവർ വന്നതെന്നും ആരെയാണ് കണ്ടതെന്നും അറിയാമെന്നും ശിവകുമാർ പറഞ്ഞു. ഇത്തരമൊരു ശ്രമം ആദ്യമായല്ലെന്നും താൻ മന്ത്രിയായിരുന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനൽ സമാനരീതിയില്‍ ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ സഹപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. തനിക്ക് ചുറ്റും മൂന്ന് സുരക്ഷ വലയങ്ങളുണ്ടെന്നും സംശയകരമായി തോന്നിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഇവരിൽ ചിലരെ രാഷ്ട്രീയ പ്രവർത്തകരാണ് നിയമിച്ചത്. ഇത് തെളിയിക്കാന്‍ തന്റെ പക്കൽ ശക്തമായ തെളിവുണ്ട്. മുഖ്യമന്ത്രിയുടെ വാദങ്ങളെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും പിന്തുണച്ചു.
സ്വകാര്യ ഏജൻസിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ആളുകൾ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.
ഏജൻസികളെ ചുമതലപ്പെടുത്തി -എം.എൽ.എ
ബംഗളൂരു: അധികാരമേറ്റ ശേഷം തന്റെ സർക്കാറിനെ ലക്ഷ്യമിട്ട് സ്റ്റിങ് ഓപറേഷന് നടത്തിയെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എം.എൽ.എ രവി കുമാർ ഗൗഡ. മുഖ്യമന്ത്രിയുടെ ഓഫിസിലും 10 മന്ത്രിമാര്‍ക്കെതിരെയും ചാരപ്പണി നടത്താൻ ഡൽഹിയിൽ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള സ്വകാര്യ ഏജൻസികളെ നിയമിച്ചതായി അദ്ദേഹം ആരോപിച്ചു. ഓപറേഷന്റെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദർശിപ്പിച്ചു.
ഒരു കേന്ദ്രമന്ത്രിയും രണ്ട് സംസ്ഥാന നേതാക്കളും ചേർന്നാണ് സംസ്ഥാന മന്ത്രിസഭ അംഗങ്ങളെ കുരുക്കാനായി സ്വകാര്യ ഏജൻസികളെ നിയോഗിച്ചത്. മുഖ്യമന്ത്രിയോട് തന്റെ കൈവശമുള്ള രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും രവി കുമാർ പറഞ്ഞു.
രണ്ട് മാസമായി ഏജൻസികൾ ബംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ പ്രവർത്തകർക്ക് നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഗൗഡ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ലക്ഷ്യം വെക്കുന്നതിനായാണ് ഏജന്‍സികള്‍ക്ക് പണം നൽകിയത്. പത്തോളം മന്ത്രിമാരെ ലക്ഷ്യം വെക്കുക, അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, സർക്കാരിനെ നാണം കെടുത്തുക എന്നിവയായിരുന്നു പദ്ധതി. ഓപറേഷനുമായി ബന്ധപ്പെട്ട രേഖകൾ തന്റെ പക്കലുണ്ടെന്നും തെളിവുകൾ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

