വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കുത്തിപ്പരിക്കേല്പിച്ചു
text_fieldsബന്ദേ നവാസ്
ബംഗളൂരു: വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കാമുകന് കുത്തി പരിക്കേല്‍പ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ നന്ദിനി ദാസിനാണ് കുത്തേറ്റത്. മാറത്തഹള്ളിക്ക് സമീപം രാമഗൊണ്ടനഹള്ളിയിലാണ് സംഭവം. യുവതിയെ പരിക്കേല്‍പ്പിച്ച ശേഷം യുവാവ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നന്ദിനി ദാസും കോലാർ സ്വദേശിയായ പ്രതി ബന്ദേ നവാസും സ്വകാര്യ കോളജിൽ പഠിക്കുന്ന സമയത്താണ് പ്രണയത്തിലായത്. നന്ദിനിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും മറ്റൊരാളുമായി വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതറിഞ്ഞ ബന്ദേ നവാസ് കത്തിയുമായി നന്ദിനിയുടെ വീട്ടിലെത്തി.
നന്ദിനിയുടെ ഇളയ സഹോദരങ്ങളെ മുറിയിൽ പൂട്ടിയിട്ട ശേഷം വിവാഹത്തില്‍ നിന്നും പിന്മാറാന് നന്ദിനിയെ നിര്‍ബന്ധിക്കുകയും ഇത് നിഷേധിച്ച നന്ദിനിയെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടിൽ നിന്ന് നിലവിളി കേട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് പ്രതി പുറത്തേക്ക് ഇട്ടു ശേഷം തീയിട്ടു. വർത്തൂർ പൊലീസ് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത് വാതിൽ പൊളിച്ച് അകത്തുകടന്ന് നന്ദിനിയെയും പ്രതിയെയും ചികിത്സക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ വർത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

