എസ്.എസ്.എൽ.സി സംസ്ഥാന ബോർഡ് വിദ്യാർഥികളുടെ യോഗ്യത മാർക്കിൽ ഇളവ് വേണമെന്ന് ആവശ്യം
text_fieldsബംഗളൂരു: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന ബോർഡ് വിദ്യാര്‍ഥികളുടെ വിജയ മാനദണ്ഡം 35 ശതമാനത്തില്‍നിന്ന് 33 ശതമാനമായി കുറക്കണമെന്ന ആവശ്യവുമായി കർണാടകയിലെ സ്വകാര്യ സ്കൂൾ അസോസിയേഷൻ. ഈ ആവശ്യമുന്നയിച്ച് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു നിവേദനം നല്കി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്ക് വിജയിക്കാൻ ഒരു വിഷയത്തിൽ കുറഞ്ഞത് 33 മാർക്ക് മതി. എന്നാൽ, സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് 35 ആണ്. ഈ അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ മാര്‍ക്ക് പരിഷ്കരിക്കണമെന്നും കാലങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. നേരത്തേ ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ, നിര്‍ദേശത്തില്‍ വകുപ്പ് അനുകൂല നടപടിയെടുത്തില്ല. ഇക്കാരണത്താല്‍ സംസ്ഥാന ബോര്‍ഡില്‍നിന്ന് വിദ്യാര്‍ഥികള്‍ മറ്റു ബോര്‍ഡുകളിലേക്ക് മാറുന്നുവെന്നും പല സ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വിഷയം ഉന്നയിച്ച് നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി നേരത്തേ സർക്കാറിന് കത്തയച്ചിരുന്നതായും നിവേദനത്തിൽ പറഞ്ഞു.
ഇതിനു പുറമെ, ഇന്റേണൽ മാർക്ക് വിഷയത്തിലും സംസ്ഥാന ബോർഡ് വിദ്യാർഥികൾക്ക് അനുകൂലമായ നടപടിയല്ല സ്വീകരിച്ചിട്ടുള്ളത്. മറ്റു ബോര്‍ഡുകള്‍ പരമാവധി ഇന്റേണല്‍ മാർക്കായ 20 മാർക്ക് മുഴുവന്‍ നല്‍കുന്നുണ്ട്. അതേമസയം, സംസ്ഥാന ബോര്‍ഡ് ഇന്റേണല്‍ മാര്‍ക്ക് മുഴുവൻ നൽകാറില്ല. ഈ വിഷയം സംസ്ഥാന ബോര്‍ഡിനെയും കന്നട ഭാഷയെയും സാരമായി ബാധിക്കുമെന്നതിനാല്‍ മിനിമം പാസ് മാർക്ക് 33 ആയി കുറക്കണമെന്നാണ് ആവശ്യം.
‘‘നിലവില്‍ ലോവർ, ഹയർ പ്രൈമറി വിദ്യാർഥികൾക്കുള്ള സിലബസ് കാലഹരണപ്പെട്ടതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഓരോ മാര്‍ക്കും പ്രധാനപ്പെട്ടതാണെന്നും സംസ്ഥാന ബോര്‍ഡ് വിദ്യാലയങ്ങളിലും മറ്റു ബോര്‍ഡ് വിദ്യാലയങ്ങളിലും തുല്യ നീതി നടപ്പാക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

