എസ്.എസ്.എൽ.സി പരീക്ഷ; മൂന്നാംഭാഷ സ്കോർ മാർക്കിൽ ഉൾപ്പെടുത്തില്ല -മന്ത്രി മധു ബംഗാരപ്പ
text_fieldsമധു ബംഗാരപ്പ
ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷയില്‍ മൂന്നാം ഭാഷയുടെ മാര്‍ക്ക് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് മന്ത്രി മധു ബംഗാരപ്പ. 2024-25 അധ്യയന വര്‍ഷത്തില്‍ 1.64 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ മൂന്നാം ഭാഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നീക്കം. എസ്.എസ്.എൽ.സി
പരീക്ഷയില്‍ മൂന്നാം പേപ്പറിന് മാര്‍ക്കിന് പകരം ഗ്രേഡ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ അധ്യയന വർഷം മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.
മാർച്ച് 31 ന് നടക്കുന്ന മൂന്നാം ഭാഷാ പരീക്ഷയില്‍ എട്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികൾ പരീക്ഷയെഴുതും. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തിര വാര്‍ത്തസമ്മേളനത്തിലാണ് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തവണ 100 മാർക്കിന് പരീക്ഷ നടക്കും. മാര്‍ക്കിനനുസരിച്ച് എ, ബി, സി, ഡി ഗ്രേഡുകൾ നൽകും. മൊത്തം മാർക്കില്‍ മൂന്നാം ഭാഷ പരിഗണിക്കില്ല. അടുത്ത അധ്യയന വര്‍ഷം മുതല്‍ 625 മാര്‍ക്കിന് പകരം 525 മാര്‍ക്കിലായിരിക്കും പരീക്ഷ നടക്കുക.
തമിഴ്നാട്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സ്കൂളുകളിൽ രണ്ട് ഭാഷകൾ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. ആ രണ്ടു ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്. കര്‍ണാടകയില്‍ മാത്രമാണ് സ്കൂളുകളിൽ മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നത്.
നിലവില്‍ ഗ്രേഡിങ് സമ്പ്രദായം എസ്.എസ്.എൽ.സി. പരീക്ഷക്ക് മാത്രമാണ് മറ്റ് ക്ലാസുകളിലും വൈകാതെ നടപ്പാക്കും. കർണാടകയിൽ നിന്നുള്ള വിദ്യാര്‍ഥികൾക്ക് എസ്.എസ്.എൽ.സിയിൽ മികച്ച വിജയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെപ്പോലെ ജോലി നേടാനും സാധിക്കും.
ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, അറബിക്, മറാത്തി, ഉറുദു, തുളു, കൊങ്കണി, സംസ്കൃതം എന്നിവയാണ് മൂന്നാം ഭാഷയില്‍ ഉൾപ്പെടുന്നത്. കന്നഡ രക്ഷണ വേദികെ, കന്നഡ ചലച്ചിത്ര നിർമാതാവും കന്നഡ ഫിലിം ചേംബർ ആൻഡ് കൊമേഴ്‌സിന്‍റെ മുൻ പ്രസിഡന്‍റുമായ സാറാ ഗോവിന്ദു തുടങ്ങിയ കന്നഡ പ്രവർത്തകർ വെള്ളിയാഴ്ച രാവിലെ മൂന്നാം ഭാഷാ പരീക്ഷയുടെ മാർക്ക് റദ്ദാക്കണമെന്നവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം. നിരവധി വിദ്യാര്‍ഥികള്‍ ഹിന്ദിയിൽ പരാജയപ്പെടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കർണാടക സ്റ്റേറ്റ് എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ് ബോർഡ് പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉപരോധിക്കുമെന്ന് രണ്ടാഴ്ച മുമ്പ് അവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് സംബന്ധിച്ച് ബോർഡ് മന്ത്രിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കത്തയക്കുകയും ചെയ്തു. ഉർദു മീഡിയം സ്കൂളുകളിൽ പഠിപ്പിക്കേണ്ട ഭാഷകൾ, കന്നഡ മൂന്നാം ഭാഷയായി പഠിപ്പിക്കുന്ന ആകെ സ്കൂളുകളുടെ എണ്ണം എന്നിവ പരിഗണിച്ച് ഒരു നയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

