എസ്.എസ്.എല്‍.സി പരീക്ഷ വിജയമാനദണ്ഡം 35ൽനിന്ന് 33 ശതമാനമാക്കണമെന്ന് നിര്‍ദേശം
text_fieldsബംഗളൂരു: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയ ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടക (കെ.എ.എം.എസ് ) വിജയ മാനദണ്ഡത്തിന്റെ ശതമാനം കുറക്കണമെന്ന് ആവശ്യപ്പെട്ടു.
എസ്.എസ്.എല്‍.സി പരീക്ഷ വിജയ മാനദണ്ഡം 35 ശതമാനത്തിൽനിന്ന് 33 ആയി കുറക്കണമെന്നാണ് ആവശ്യം. കർണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറി രശ്മി മഹേഷിന് ഇതുമായി ബന്ധപ്പെട്ട് നിവേദനം സമര്‍പ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുന്നതായും പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്നതായും സംഘടന നേതാക്കള്‍ പറഞ്ഞു. കേരളം, തമിഴ് നാട്, തെലങ്കാന, ആന്ധ്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി പഠനം നടത്തിയ ശേഷമാണ് നിവേദനം സമര്‍പ്പിച്ചത്. സംസ്ഥാനത്ത് ഇത്തവണ വിജയം 62.3 ശതമാനമായിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എസ്.എസ്.എല്‍.സി വിജയിക്കാന്‍ വേണ്ട മിനിമം മാര്‍ക്ക് കര്‍ണാടകയില്‍ കൂടുതലാണ്. കര്‍ണാടകയില്‍ ഓരോ വിഷയത്തിനും 35 ശതമാനം മാര്‍ക്ക് ലഭിച്ചെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. സി.ബി.എസ്.സിയില്‍ 33 ശതമാനംമാർക്കാണ് വിജയമാനദണ്ഡം. ഇക്കാരണത്താല്‍ മിക്ക വിദ്യാര്‍ഥികളും സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നും സി.ബി.എസ്.സി സ്കൂളിലേക്ക് മാറുന്നെന്നും ഇത് സ്റ്റേറ്റ് ബോര്‍ഡ് സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനും കാരണമാകുന്നുവെന്നും സംഘടന ആരോപിച്ചു.
കേരളത്തില്‍ 30 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ എസ്.എസ്.എല്‍.സി വിജയിക്കാം. ആന്ധ്രയില്‍ ഹിന്ദി ഒഴികെ മറ്റെല്ലാ വിഷയങ്ങള്‍ക്കും 35 ശതമാനം മാര്‍ക്കും ഹിന്ദിയില്‍ 20 ശതമാനം മാര്‍ക്കുമടക്കം മൊത്തം 32.5 ശതമാനം ലഭിച്ചാല്‍ വിജയിക്കാം. തെലങ്കാനയില്‍ 20 മാര്‍ക്ക് ഇന്റേണലായി നല്‍കുന്നുണ്ട്.
കേരളത്തില്‍ 130 മാര്‍ക്ക് ഇന്റേണലും 520 മാര്‍ക്ക് പുറമെയും നല്‍കുന്നു. സി.ബി.എസ്.സിയില്‍ 20 മാര്‍ക്ക് ഇന്റേണലായും 80 മാര്‍ക്ക് എക്സ്റ്റേണലായും നല്‍കുന്നു. ഇന്റേണൽ അടക്കം 33 ശതമാനം മാര്‍ക്ക് നേടിയാല്‍ പരീക്ഷ വിജയിക്കാം. കര്‍ണാടകയില്‍ 35 ശതമാനം മാര്‍ക്ക് ഓരോ വിഷയത്തിനും നേടണം.
ഇതില്‍ ഇന്റേണൽ മാര്‍ക്ക് പരിഗണിക്കുകയില്ല. 125 മാര്‍ക്കിനാണ് ഒന്നാം ലാംഗ്വേജ് പരീക്ഷ നടത്തുന്നത്. കൂടാതെ, മറ്റു രണ്ടു ഭാഷകള്‍ കൂടി കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. സി.ബി.എസ്.സിയില്‍ ബേസിക് മാത് സ്, സ്റ്റാൻഡേഡ് മാത് സ് എന്നിങ്ങനെ ഓപ്ഷന്‍ ഉണ്ട്. ഇതേ രീതിയില്‍ കണക്ക്, സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കൂടി അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇത്തരം മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ കുട്ടികളുടെ പഠന ഭാരം കുറക്കാന്‍ സാധിക്കും. ഒന്നാം ക്ലാസ് മുതല്‍ തുടര്‍ച്ചയായ മൂല്യനിര്‍ണയം നടത്തണമെന്നും നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിന്‍റെ കീഴില്‍ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും കൊണ്ടുവരണമെന്നുമുള്ള നിര്‍ദേശങ്ങളും സംഘടന മൂന്നോട്ട് വെച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരിഷ്‍കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി ഉടന്‍തന്നെ ഉന്നത സമിതിയെ നിയോഗിക്കണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

