എസ്.എസ്.എഫ് വേദിയിലെത്തി അംഗങ്ങളെ വിമർശിച്ചു; കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദറിന്റെ പരാമർശം പിൻവലിക്കണമെന്ന് സംസ്ഥാന നേതൃത്വം
text_fieldsബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) കർണാടക അംഗങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്ന് ആക്ഷേപം. ഖാദറിന്റെ പ്രസംഗത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും അതൃപ്തി പ്രകടിപ്പിച്ചും പ്രസ്താവനകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് അയച്ചു.
ബംഗളൂരുവിൽ എസ്.എസ്.എഫ് കർണാടക സംഘടിപ്പിച്ച 'ഹാർമണി വാക്ക്' സമാപന ചടങ്ങിൽ ഖാദർ നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണമായത്. തന്റെ പ്രസംഗത്തിൽ സംഘടനയുടെ നല്ല സംഭാവനകളെ ഖാദർ അംഗീകരിച്ചു. എന്നാൽ ഏതാനും അംഗങ്ങളുടെ ചില പ്രവർത്തനങ്ങൾ എസ്.എസ്.എഫിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നുണ്ടെന്നും പറഞ്ഞു. അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കരുതെന്ന് അദ്ദേഹം നേതൃത്വത്തോട് അഭ്യർഥിച്ചു. കൂടാതെ ആശങ്കകൾ പരിഹരിക്കുന്നതിനായി എസ്.എസ്.എഫ് പ്രതിനിധികളുമായി ചർച്ചക്ക് നേതൃത്വം നൽകാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.
എന്നാൽ, എസ്.എസ്.എഫ് നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് സുഫിയാൻ സഖാഫി, ജനറൽ സെക്രട്ടറി ബി മുഹമ്മദ് അലി തുർകാലിക്കെ, ട്രഷറർ ഇർഷാദ് ഹാജി ഗുദിനബലി എന്നിവർ ഒപ്പിട്ട കത്തിൽ, എസ്.എസ്.എഫ് അംഗങ്ങൾ സംഘടനക്ക് അപകീർത്തികരമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന ഒരു 'തെറ്റായ സന്ദേശം' നൽകിയത് നിരവധി അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ചോദ്യം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും എസ്.എസ്.എഫ് കത്തിൽ സ്പീക്കറെ ഓർമിപ്പിച്ചു. രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് മതേതരരാണെന്ന് അവകാശപ്പെടുകയും വർഗീയ അക്രമ സംഭവങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നവരോട് എസ്.എസ്.എഫ് അംഗങ്ങൾ ഉന്നയിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകളോ പൊതു ചോദ്യങ്ങളോ ജനാധിപത്യ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുള്ളതാണെന്നും അവയെ അനാദരവോ ലജ്ജാകരമോ ആയി കാണരുതെന്നും എസ്.എസ്.എഫ് കത്തിൽ പറഞ്ഞു.
മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാരിൽ നിന്നുള്ള ന്യായമായ വിമർശനങ്ങളെ കളങ്കപ്പെടുത്താനുള്ള ശ്രമമായി കണ്ടതിനെ കമ്മിറ്റി ശക്തമായി എതിർത്തു. 'ഈ ആശങ്കകളെ സമൂഹത്തിന് നാണക്കേടാണെന്ന് മുദ്രകുത്തുന്നത് അന്യായം മാത്രമല്ല, നിരുത്തരവാദപരവുമാണ്' കത്തിൽ പറയുന്നു.
ഖാദറിന്റെ സ്വന്തം മണ്ഡലമായ മംഗളൂരുവിൽ നടപടിയെടുക്കാത്തതിന്റെ കാരണവും എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം നടത്തിയെന്നോ അക്രമം പ്രോത്സാഹിപ്പിച്ചെന്നോ ആരോപിക്കപ്പെട്ട വ്യക്തികൾ ശിക്ഷിക്കപ്പെടാതെ പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ പരാമർശിച്ച കമ്മിറ്റി, അത്തരം സാഹചര്യങ്ങളിൽ കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ സമൂഹത്തിന് അവകാശമില്ലേ എന്ന് ആരാഞ്ഞു.
എസ്.എസ്.എഫ് അംഗങ്ങൾ അനുചിതമായി പെരുമാറിയെന്ന സ്പീക്കറുടെ സൂചന തള്ളിക്കളഞ്ഞ കമ്മിറ്റി, സംഘടന ഒരിക്കലും ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒത്തുചേരലുകൾ നടത്തിയിട്ടില്ലെന്നും വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അത്തരം പരാമർശങ്ങൾക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും ഔദ്യോഗിക പരാതികളോ നടപടികളോ സംഘടനക്കെതിരെ എപ്പോഴെങ്കിലും ആരംഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചകൾ നടത്താനുള്ള സ്പീക്കറുടെ സ്വന്തം ഓഫർ എസ്.എസ്.എഫ് ഓർമിപ്പിക്കുകയും അത്തരമൊരു യോഗത്തിന് തീയതി നിശ്ചയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

