പ്രചരിക്കുന്നത് നുണക്കഥകൾ, എയർ ഇന്ത്യ നിലപാടിൽ ദുഃഖം -നൂർ മുഹമ്മദ്
text_fieldsനൂർ മുഹമ്മദും മൂത്ത മകൻഅസദും മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുമായി
സംസാരിക്കുന്നു
മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് നുണക്കഥകളാണെന്ന് കുടുംബനാഥൻ നൂർ മുഹമ്മദ്. തന്റെ സങ്കടവും പ്രതിഷേധവും മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുമായാണ് അദ്ദേഹം പങ്കുവെച്ചത്.
കൊല്ലപ്പെട്ട മകൾ എയർ ഇന്ത്യ എയർഹോസ്റ്റസായിരുന്ന ഐനാസും (21) പ്രതി പ്രവീൺ അരുൺ ഛൗഗലെയും (39) പ്രണയത്തിലായിരുന്നുവെന്ന പ്രചാരണം നുണയാണ്. ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന മന്ത്രി വെള്ളിയാഴ്ചയാണ് നൂർ മുഹമ്മദുമായും മൂത്തമകൻ അസദുമായും വീട്ടിലെത്തി സംസാരിച്ചത്. സംഭവ ദിവസം ബംഗളൂരുവിൽ ജോലിസ്ഥലത്തായിരുന്നു അസദ്.
മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് എയർഹോസ്റ്റസ് ആയാണ് മകൾ പ്രവർത്തിച്ചത്. അവൾ പലതവണ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ചുമതലയുള്ള മുതിർന്ന ജീവനക്കാർ സ്വാഭാവികമായി കൂടെയുണ്ടാകും. രണ്ടോ മൂന്നോ തവണ അരുണിന് ആയിരുന്നു മുതിർന്ന ജീവനക്കാരൻ എന്ന നിലയിൽ ആ ചുമതല. അതിലപ്പുറം അയാളുമായി മകൾക്ക് ഒരു ബന്ധവുമില്ലായിരുന്നു.
എയർ ഇന്ത്യ എയർഹോസ്റ്റസ് ആയിരിക്കെ മകൾ കൊല്ലപ്പെട്ടിട്ട് ആ സ്ഥാപനത്തിന്റെ അധികൃതർ ഫോണിൽപോലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിൽ ഏറെ സങ്കടമുണ്ട്. ഇത്രയേറെ കുറ്റവാസനയുള്ള അരുണിനെ സാഹചര്യങ്ങൾ പഠിക്കാതെ വിമാനത്തിൽ നിയമിച്ചതും ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ വീട്ടിൽ കൊല്ലപ്പെട്ടത്. അറസ്റ്റിലായ മുൻ മഹാരാഷ്ട്ര പൊലീസ്- എയർ ഇന്ത്യ ജീവനക്കാരനുമായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

