‘കാനു’ ദക്ഷിണേന്ത്യയിലെ ആദിവാസി വിജ്ഞാന കേന്ദ്രത്തിന് തുടക്കമായി
text_fieldsചാമരാജ്നഗർ ബി.ആർ ഹിൽസിൽ ഞായറാഴ്ച ‘കാനു’ ആദിവാസി വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: ദക്ഷിണേന്ത്യൻ ആദിവാസി സമൂഹങ്ങളുടെ ചരിത്രങ്ങൾ, ഭാഷകൾ, സാംസ്കാരിക ആചാരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമായി കാനു എന്ന പേരിൽ ചാമരാജ്നഗർ ബി.ആർ ഹിൽസിലെ മാരിഗുഡിക്ക് സമീപം വിജ്ഞാന കേന്ദ്രം തുറന്നു.
ദക്ഷിണേന്ത്യൻ ആദിവാസി സമൂഹങ്ങളുടെ വിവരണങ്ങൾ സംരക്ഷിക്കാനും വിശാലമായി പൊതുജനങ്ങളുമായി പങ്കിടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആദിവാസി ഗോത്രവിഭാഗങ്ങളിൽപെട്ടവരും അല്ലാത്തവരുമായ വിദഗ്ധർ ഉൾപ്പെടുന്ന കൂട്ടായ്മയായ ‘കാനു’ രൂപീകരിച്ചത്.
സംഘടന എന്നതിനപ്പുറം ആദിവാസികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും സാംസ്കാരിക സംരക്ഷണത്തിലും താൽപര്യമുള്ള വ്യക്തികളുടെയും പണ്ഡിതന്മാരുടെയും കൂട്ടായ്മയാണിതെന്ന് സംഘാടകർ വ്യക്തമാക്കി. വൈദ്യസഹായം ലഭ്യമാവുക എന്നതിലുപരി വലിയ പല പ്രതിസന്ധികളും ആദിവാസികൾ അഭിമുഖീകരിക്കുന്നുണ്ട്. അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന പല പ്രവർത്തനങ്ങളും ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആദിവാസികളുടെ തനതായ ആരോഗ്യനയത്തിൽ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന മുൻവിധിയോടെയാണ് പൊതുസമൂഹം പലപ്പോഴും അവരെ സമീപിക്കാറുള്ളത്. അവരെ കൂടുതൽ പഠിപ്പിക്കണമെന്നും ആധുനികവത്കരിക്കണമെന്ന മുൻവിധിയും കാരണം ആദിവാസി സമൂഹം നടത്തിയിട്ടുള്ള സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങളെ പൊതുസമൂഹം അവഗണിക്കുകയാണെന്ന് ചാമരാജനഗറിലെ ആദിവാസി ആരോഗ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പബ്ലിക് ഹെൽത്ത് ഗവേഷകനും കൂട്ടായ്മയിലെ അംഗവുമായ ഡോ. പ്രശാന്ത് എൻ. ശ്രീനിവാസ് പറഞ്ഞു. സോളിഗ ഭാഷയിലെ കാനു എന്ന പദത്തിന്റെ അർഥം ‘നിബിഡ വനം’ എന്നാണ്. ഇത് ആദിവാസികളുമായി കൂടുതൽ ചേർന്ന് നിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ ആദിവാസി ഗോത്രവിഭാഗങ്ങളെക്കുറിച്ച് കമ്യൂണിറ്റിക്ക് പുറത്തുനിന്നുള്ളവർ പഠിച്ച് എഴുതിയ വിവരങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
ഇത് പലപ്പോഴും ആദിവാസി സംസ്കാരത്തിന്റെ യഥാർഥ സത്തയെ ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും പരിഹാരം സൃഷ്ടിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ‘കാനു’ അംഗങ്ങൾ പറയുന്നു. വനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളടക്കം തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങളടക്കം പ്രസിദ്ധീകരിക്കാനും മറ്റും കൂട്ടായ്മക്കാവുമെന്ന് ആദിവാസി ഗവേഷകനായ സി. മാദെഗൗഡ പറയുന്നു.
ദക്ഷിണേന്ത്യൻ ആദിവാസി വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായി ‘കാനു’ മാറുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

