മുഖ്യമന്ത്രിയുടെ അനുയായികൾ മന്ത്രവാദം നടത്തിയെന്ന് സ്നേഹമയി കൃഷ്ണ
text_fieldsസ്നേഹമയി കൃഷ്ണ
മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾ തനിക്കെതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ ശനിയാഴ്ച മംഗളൂരു പൊലീസ് കമീഷണർ അനുപം അഗർവാളിന് പരാതി നൽകി. മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ പരാതിക്കാരൻ കൂടിയാണ് മൈസൂരു സ്വദേശിയായ സ്നേഹമയി കൃഷ്ണ. തന്നെ ‘നിയന്ത്രിക്കാൻ’ മന്ത്രവാദം നടത്തിയെന്ന് സ്നേഹമയി കൃഷ്ണ അവകാശപ്പെട്ടു. മംഗളൂരു സലൂൺ ആക്രമണക്കേസിൽ അറസ്റ്റിലായ ശ്രീരാമസേന നേതാവിന്റെ മൊബൈൽ ഫോണിൽ പൊലീസ് കണ്ടെത്തിയ മൃഗബലി ദൃശ്യത്തിന്റെ മറുവ്യാഖ്യാനമായാണ് കൃഷ്ണയുടെ പരാതി.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യ ബി.എം. പാർവതിക്കുമെതിരായ കേസ് പിൻവലിക്കാനും താനും മറ്റൊരു ആക്ടിവിസ്റ്റ് ഗംഗാരാജുവും മന്ത്രവാദത്തിന് വിധേയരാകണമെന്ന് ഉറപ്പാക്കാനാണ് ഈ മന്ത്രവാദമെന്നും പരാതിയിൽ പറഞ്ഞു.
മുഡ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കാൻ തന്നെ നിർബന്ധിക്കുന്നുണ്ട്. ഹൈകോടതി ഹരജിയിൽ വിധി പറയാനിരിക്കുകയാണ്.
അതേസമയം, മംഗളൂരു നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിന് സമീപത്തെ യൂനിസെക്സ് സലൂണിൽ അതിക്രമിച്ചു കയറിയ കേസിൽ അറസ്റ്റിലായ രാംസേന നേതാവ് പ്രസാദ് അത്താവറിന്റെ മൊബൈൽ ഫോണിൽനിന്ന് മൃഗബലിയുടെ വിഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ ബാർകെ പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആരാധന ദൈവത്തിന് മുന്നിൽ അഞ്ച് ആടുകളെ ബലിയർപ്പിക്കുകയും രക്തം സ്നേഹമയി കൃഷ്ണയുടെയും വിവരാവകാശ പ്രവർത്തകൻ ഗംഗാരാജുവിന്റെയും ഫോട്ടോകളിൽ പുരട്ടുകയും ചെയ്യുന്ന വിഡിയോയാണ് പൊലീസിന് ലഭിച്ചത്. ഇരുവരെയും ആത്മീയമായി ശാക്തീകരിക്കാനാണ് യാഗം നടത്തിയതെന്നാണ് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
മൃഗബലി നടത്തുന്നതിന് അനന്ത് ഭട്ടിന് പ്രസാദ് അത്താവർ പണം കൈമാറിയെന്നാണ് ആരോപണം. ഇതിനെത്തുടർന്ന് പ്രസാദ് അത്താവറിനും അനന്ത് ഭട്ടിനുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കളേഴ്സ് യൂനിസെക്സ് സലൂൺ ഈ മാസം 23ന് ഉച്ചയോടെയാണ് രാംസേന സംഘം അക്രമിച്ച് നാശനഷ്ടം വരുത്തിയത്. സംഭവത്തിൽ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്ത ബാർകെ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

