ബംഗളൂരു നഗരത്തിൽ സ്മാർട്ട് സിഗ്നൽ പരീക്ഷണം തുടങ്ങി
text_fieldsബംഗളൂരു: നഗരത്തിൽ ജപ്പാൻ സാങ്കേതികവിദ്യ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് സിഗ്നൽ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു.
അൾസൂരിലെ കെന്നിങ്സ്റ്റൺ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ആഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷണം നടക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ച് സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സിഗ്നലുകൾ തിരക്കേറിയ 28 ജങ്ഷനുകളിൽ സ്ഥാപിച്ചു.
വിശദ പരീക്ഷണത്തിനുശേഷം അടുത്ത മാസാവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ഈ രീതിയിൽ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമീഷണർ ദീപ ചോളൻ പറഞ്ഞു.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്നതാണ് സംവിധാനം. ക്വീൻസ് സ്റ്റാച്യു സർക്കിൾ, അനിൽ കുംബ്ലെ സർക്കിൾ, മായോ ഹാൾ ജങ്ഷൻ, ട്രിനിറ്റി സർക്കിൾ, മണിപ്പാൽ സെന്റർ ജങ്ഷൻ, കാമരാജ് റോഡ് ജങ്ഷൻ, ഒപ്പേറ ഹൗസ് ജങ്ഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് സിഗ്നൽ സ്ഥാപിച്ചത്.
ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്ന സമയം 30 ശതമാനം വരെ കുറക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഗ്നലിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്ന കാമറയും സംവിധാനത്തിന്റെ ഭാഗമാണ്.
ശേഖരിച്ചുവെക്കാനാകുന്ന ഈ ദൃശ്യങ്ങൾ അവശ്യഘട്ടങ്ങളിൽ പൊലീസിന് പരിശോധിക്കാനാകും. 72 കോടി രൂപയുടെ പദ്ധതി ജപ്പാൻ സർക്കാറിന്റെ ധനസഹായത്തോടെയാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

