‘ശക്തി’ യാത്രക്കാരികൾക്കായി സ്മാർട്ട് കാർഡുകൾ വരുന്നു
text_fieldsമന്ത്രി റെഡ്ഡി
ബംഗളൂരു: അടുത്ത രണ്ട് മാസത്തിനുള്ളിൽ ‘ശക്തി’ പദ്ധതി ഗുണഭോക്താക്കൾക്കായി സ്മാർട്ട് കാർഡുകൾ പുറത്തിറക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ജനപ്രിയ പദ്ധതിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, ദുരുപയോഗം തടയുക, ചെലവ് കുറക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. അടുത്തിടെ രണ്ടാം വാർഷികം ആഘോഷിച്ച ശക്തി പദ്ധതി ആരംഭിച്ചതിനുശേഷം 474 കോടിയിലധികം ടിക്കറ്റുകൾ വിതരണം ചെയ്തു. ചൊവ്വാഴ്ച വരെ ഈ സംരംഭത്തിന് സർക്കാറിന് 11,994.37 കോടി രൂപ ചെലവായി.
സ്മാർട്ട്കാർഡ് സംവിധാനത്തിനായുള്ള പ്രവർത്തന രൂപരേഖ തയാറാക്കി ധനവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് റെഡ്ഡി അറിയിച്ചു. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ വിഷയം അന്തിമ അംഗീകാരത്തിനായി മന്ത്രിസഭയുടെ പരിഗണനക്ക് വിടും. രണ്ട് മാസത്തിനുള്ളിൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുണഭോക്താവിന്റെ യാത്രാ വിവരങ്ങൾ, ബോർഡിങ്, ഇറങ്ങൽ പോയന്റുകൾ, യാത്രാദൂരം, യാത്രാനിരക്ക് എന്നിവ രേഖപ്പെടുത്താൻ കഴിവുള്ള കമ്പ്യൂട്ടർ ചിപ്പ് ഓരോ സ്മാർട്ട് കാർഡിലും ഉൾപ്പെടുത്തും.
സ്മാർട്ട് കാർഡുകളിൽ ഗുണഭോക്താവിന്റെ ഫോട്ടോയും താമസസ്ഥല വിവരങ്ങളും ഉണ്ടാവും. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഐ.ഡി കാണിക്കുന്നതിന് പകരം ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിൽ (ഇ.ടി.എം) അവരുടെ കാർഡ് ടാപ്പ് ചെയ്യാൻ അനുവദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

