ജി.ബി.എ വാര്‍ഡുകളുടെ വർധന: പ്രതീക്ഷയുമായി ചെറു പാര്‍ട്ടികള്‍
text_fieldsബംഗളൂരു: ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റിയുടെ കീഴില്‍ അഞ്ച് കോര്‍പറേഷനുകള്‍ നിലവില്‍ വന്നതോടെ നഗരത്തിലെ വാര്‍ഡുകളുടെ എണ്ണം 500 ആയി വര്‍ധിക്കും. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ചെറുകിട പാര്‍ട്ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കണക്കുകള്‍. നിലവില്‍ ഓരോ വാര്‍ഡിലും 20,000ത്തോളം വോട്ടർമാരുണ്ട്. ആം ആദ്മി പാര്‍ട്ടി(എ.എ.പി), കര്‍ണാടക രാഷ്ട്ര സമിതി (കെ.ആര്.എസ്), ബെംഗളൂരു നവനിർമാണ പാര്‍ട്ടി(ബി.എന്‍.പി) തുടങ്ങിയവക്ക് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്.
പ്രമുഖ പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ മുന്‍ തൂക്കം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ സ്വാധീനം ഉപയോഗിച്ച് അവര്‍ സ്വന്തം ഭാര്യമാരെ മത്സരിപ്പിച്ചിരുന്നു. നിലവിലുള്ള 198 വാര്‍ഡുകള്‍ 500 ആയി വിഭജിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം കുറയുകയും അവര്‍ വെല്ലുവിളി നേരിടുകയും ചെയ്യും. അതിനാല്‍തന്നെ നിലവില്‍ തുല്യതയുള്ള മത്സരമാണ് തെരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് എ.എ.പിയുടെ ദേശീയ ജോയന്റ് സെക്രട്ടറി പൃഥ്വി റെഡ്ഡി പറഞ്ഞു.
മൂന്ന് വർഷം മുമ്പ് തന്നെ കോർപറേഷൻ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും അന്ന് 198 വാർഡുകളിലേക്കും ഒന്നിലധികം അര്‍ഹരായ സ്ഥാനാർത്ഥികളുണ്ടായിരുന്നുവെന്നും അതു കൊണ്ട് തന്നെ പുതിയ വാര്‍ഡുകളിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വലിയ വാര്ഡുകളാവുമ്പോള് രാഷ്ട്രീയ പാർട്ടികൾക്ക് ധാരാളം ആളുകളിലേക്ക് എത്തിച്ചേരേണ്ട സ്ഥിതി വരുന്നു. അതില്‍ മുഖ്യ പാര്‍ട്ടികള്‍ക്കാണ് മുന്‍ തൂക്കം ലഭിച്ചിരുന്നതെന്ന് ബംഗളൂരു നവനിർമ്മാൺ പാർട്ടിയുടെ (ബി.എൻ.പി) സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ശ്രീകാന്ത് നരസിംഹൻ പറഞ്ഞു. ചെറിയ വാര്ഡുകളാവുമ്പോള് ആളുകളിലേക്ക് നേരിട്ടെത്താന്‍ സാധിക്കുകയും അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 50 സീറ്റ് നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

