ഇന്ത്യയുടെ സിലിക്കൺ വാലിയെ അടയാളപ്പെടുത്തിയ നേതാവ്
text_fieldsബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച എസ്.എം. കൃഷ്ണയുടെ മൃതദേഹത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അന്തിമോപചാരമർപ്പിക്കുന്നു
ബംഗളൂരു: ബംഗളൂരുവിനെ ഇന്ത്യയിലെ ടെക് ഹബാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ദീർഘദർശിയായ നേതാവായിരുന്നു അന്തരിച്ച എസ്.എം. കൃഷ്ണ. അദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരിക്കെയാണ് കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലക്ഷ്യമിട്ട് അമേരിക്കയിലെ സിലിക്കൺ വാലി മോഡലിൽ ബംഗളൂരുവിൽ ഐ.ടി മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നത്. 2000ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന്റെ വളർച്ചയുടെ തുടക്കം. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികളെ ബംഗളൂരുവിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കാൻ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആധുനിക കാഴ്ചപ്പാടാണ് ബംഗളൂരുവിന്റെയും കർണാടകയുടെയും വളർച്ചയിലേക്ക് വഴിവെച്ചത്.
എസ്.എം. കൃഷ്ണ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ഫയൽ ചിത്രം, ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച എസ്.എം. കൃഷ്ണയുടെ മൃതദേഹത്തിൽ ഭാര്യ പത്മ കൃഷ്ണ അന്തിമോപചാരമർപ്പിക്കുന്നു
ടെന്നിസ് കളിക്കാരൻ കൂടിയായ എസ്.എം. കൃഷ്ണ കർണാടക സ്റ്റേറ്റ് ടെന്നിസ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ബംഗളൂരുവിൽ ടെന്നിസ് കളിക്കാൻ പുറത്തുപോകവെയാണ് 2009ൽ കൃഷ്ണയെ വിദേശകാര്യ മന്ത്രിയായി നിയമിച്ച വിവരവുമായി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഫോൺ വരുന്നത്. വിദേശകാര്യ മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് സജീവ ഇടപെടലുണ്ടായി. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ സർക്കാറുമായുള്ള ചർച്ചക്ക് സാരഥ്യം വഹിച്ചു. 1962ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണ് എസ്.എം. കൃഷ്ണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. കോൺഗ്രസിന്റെ വൊക്കലിഗ നേതാവായിരുന്ന കെ.വി. ശങ്കർ ഗൗഡയെ പരാജയപ്പെടുത്തിയാണ് തുടക്കം. ശങ്കർ ഗൗഡക്കായി സാക്ഷാൽ ജവഹർലാൽ നെഹ്റുവരെ പ്രചാരണത്തിനെത്തിയിട്ടും എസ്.എം. കൃഷ്ണ കന്നിപ്പോരാട്ടത്തിൽ അട്ടിമറി ജയം നേടി. 1989 മുതൽ 1993 വരെ കർണാടക സ്പീക്കറായ അദ്ദേഹം 1999 മുതൽ 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു. ഗവർണർ പദവി രാജിവെച്ച് രാജ്യസഭയിലെത്തിയ അദ്ദേഹം 2009 മുതൽ 2012 വരെ മൻമോഹൻ സിങ് നയിച്ച രണ്ടാം യു.പി.എ സർക്കാറിൽ വിദേശകാര്യ മന്ത്രിയായി. അഭിപ്രായ ഭിന്നതയുടെ പേരിൽ അഞ്ചു പതിറ്റാണ്ടോളം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് 2017ൽ ബി.ജെ.പിയിലെത്തി.
എസ്.എം. കൃഷ്ണ ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ഫയൽ ചിത്രം
2019ൽ ജെ.ഡി-എസ് - കോൺഗ്രസ് സഖ്യ സർക്കാറിനെ അട്ടിമറിച്ച ഓപറേഷൻ കമലയിൽ എസ്.എം. കൃഷ്ണ സുപ്രധാന പങ്കുവഹിച്ചിരുന്നു. ബി.ജെ.പിയിലേക്ക് ചേക്കേറിയ കോൺഗ്രസ് എം.എൽ.എമാരിൽ പലരും രാജിക്കു മുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസുമായി എസ്.എം. കൃഷ്ണ അകന്നിട്ടും കർണാടക കോൺഗ്രസിലെ അതികായനായ ഡി.കെ. ശിവകുമാർ അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവാണ് അദ്ദേഹമെന്നായിരുന്നു ഇതേക്കുറിച്ച് ശിവകുമാറിന്റെ പ്രതികരണം. എസ്.എം. കൃഷ്ണയുടെ പേരമകൻ അമർഥ്യ ഹെഗ്ഡെയും ശിവകുമാറിന്റെ മകൾ ഐശ്വര്യയും തമ്മിലെ വിവാഹത്തിലേക്കുവരെ ഈ രാഷ്ട്രീയ സൗഹൃദം നയിച്ചു.
2023 ജനുവരി ഏഴിന് രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എസ്.എം. കൃഷ്ണയെ ബി.ജെ.പി സർക്കാർ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

