ബംഗളൂരുവിൽ ആറ് വയസ്സുകാരിയെ മാതാവും കാമുകനും ചേർന്ന് കൊന്നു; പ്രതികൾ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട വെണ്ണില, മാതാവ് പ്രിയങ്ക, മോഹൻ, സുബ്രഹ്മണ്യേശ്വര റാവു
ബംഗളൂരു: കഴിഞ്ഞ മാർച്ചിൽഅഭിഭാഷകയായ യുവതിയും ലിവിങ് ടുഗദർ ആൺ സുഹൃത്തും ചേർന്ന് ആറ് വയസ്സുകാരിയെ അവർ സഞ്ചരിച്ച കാറിൽ മർദിച്ച് കൊലപ്പെടുത്തിയ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്. ബംഗളൂരു കഡുഗോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പി.വെണ്ണില കൊല്ലപ്പെട്ട കേസിൽ മാതാവ് പി.പ്രിയങ്ക (32), അവരുടെ സുഹൃത്ത് ജി.എം.മോഹൻ (39) എന്നിവരാണ് പ്രതികൾ. കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ പ്രിയങ്കയെ ഏഴ് ദിവസത്തെ തിരച്ചിലിനൊടുവിൽ ഹാസൻ ജില്ലയിൽ സകലേശ്പൂരിലെ ഫാം ഹൗസിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ ഭർത്താവ് പ്രവീൺ തന്റെ മകൾ മാർച്ച് 24ന് കൊല്ലപ്പെട്ടതിന് ശേഷം നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിൽ പൊലീസ് താൽപര്യമെടുത്തില്ല.
കാറിനുള്ളിൽ വിൻഡോകൾ അടച്ചുറങ്ങിയപ്പോൾ ശ്വാസംമുട്ടി മരിച്ചതാണെന്ന പ്രിയങ്കയുടെ മൊഴി വിശ്വസിച്ച് പൊലീസ് അന്വേഷണം മന്ദഗതിയിലാക്കുകയായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വയറ്റിലെ ആന്തരിക പരിക്കുകളും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന് സൂചിപ്പിച്ചിരുന്നു. തലേദിവസം വീണപ്പോൾ പറ്റിയ പരിക്കാണെന്ന പ്രിയങ്കയുടെ വാദം പൊലീസ് വിശ്വസിച്ചു. ലോകായുക്ത പൊലീസ് ഐ.ജി ഡോ. സുബ്രഹ്മണ്യേശ്വര റാവുവിന്റെ ഇടപെടലാണ് കേസിൽ നിർണായക വഴിത്തിരിവായത്. കുട്ടിയുടെ പിതാവ് പ്രവീൺ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യു.കെയിൽ ശിശുരോഗ വിദഗ്ധയായ തന്റെ സഹോദരിക്ക് നൽകിയിരുന്നു. ആദ്യദിവസം തന്നെ സംഭവം കൊലപാതകമാണെന്ന് ബോധ്യമായിട്ടും പ്രതികൾക്ക് തെളിവ് നശിപ്പിക്കാനും മുൻകൂർ ജാമ്യത്തിനും പൊലീസ് ഒത്താശ ചെയ്തുവെന്ന് ഐ.ജി. കടുത്ത ഭാഷയിൽ വിമർശിച്ചു.
തുടർന്ന് രാസപരിശോധന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ കുട്ടിയുടെ മാതാവ് പ്രിയങ്കയെയും പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഐസ്ക്രീം വീഴ്ത്തിയതിന് വയറ്റിൽ കൈമുട്ട് കൊണ്ട് ഇടിച്ചാണ് കുട്ടിയെ വകവരുത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ മോഹനും പ്രിയങ്കയുംപറഞ്ഞത്. കമിതാക്കൾക്കിടയിലെ തടസ്സം, കുട്ടിയുടെ കറുപ്പ് നിറം എന്നിവയാണ് കൊലപാതകത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. അന്വേഷണത്തിൽ കഡുഗോളി പൊലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. പഴയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.മറ്റൊരു ഡിവിഷനിലെ അസി.പൊലീസ് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ പുതിയ അന്വേഷണ ചുമതല. കഡുഗോഡി പൊലീസ് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ രംഗസ്വാമി, സബ് ഇൻസ്പെക്ടർ നിംഗരാജു, കോൺസ്റ്റബിൾ ഹാലേഷ് എന്നിവരെ കമീഷണർ സസ്പെൻഡ്ചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

