സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് ആറംഗ സംഘം
text_fieldsകലാസിപാളയയിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ
ബംഗളൂരു: കലാസിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ആറംഗ സംഘത്തെ സിറ്റി പൊലീസ് കമീഷണർ നിയോഗിച്ചു. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ചില ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. ഇവ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിർമിച്ചവയാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണസംഘം സെൻട്രൽ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിങ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുമായി സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ആരാണ് ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയതെന്നും എന്താവശ്യത്തിനായാണ് അവ ബംഗളൂരുവിൽ കൊണ്ടുവന്നതെന്നടക്കമുള്ള നിർണായക വിവരമാണ് കണ്ടെത്താനുള്ളത്. കലാസിപാളയ ബസ് സ്റ്റാൻഡ് പരിസരത്തെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്നയാളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശുചിമുറിയിലെത്തിയ ആളാണ് ആദ്യം കവറിൽ പൊതിഞ്ഞ നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടത്. ഇയാൾ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി ഇവ നിർവീര്യമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

