പശുവിനെ അറുത്ത് അവശിഷ്ടം റോഡിൽ ഉപേക്ഷിച്ചു: ആറുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: ഉടുപ്പി ജില്ലയിലെ ബ്രഹ്മാവർ കുഞ്ചാലു ജങ്ഷന് സമീപം പശുവിനെ അറുത്ത സംഭവത്തിൽ ഉടുപ്പി ജില്ല പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. ബ്രഹ്മാവർ താലൂക്കിലെ കുഞ്ഞാലു നിവാസികളായ റാം (49), പ്രസാദ് (21), സന്ദേശ് (35), രാജേഷ് (28), ഹണ്ടാഡി ഗ്രാമത്തിലെ മടാപാടി സ്വദേശി നവീൻ (35), കുഞ്ചാലുവിലെ അഡ്ജില സ്വദേശി കേശവ് നായിക് (50) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി ഒളിവിലാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരിയം ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് ഒന്നിലധികം കോണുകളിൽ നിന്ന് അന്വേഷിക്കാൻ തീരുമാനിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സി.സി ടി.വി ദൃശ്യങ്ങളും വാഹന ചലന വിശകലനവും പ്രതികളെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കേശവ് നായിക് ഒന്നര വയസ്സുള്ള ഒരു പശുവിനെ മറ്റൊരു പ്രതിക്ക് കൈമാറി, പശുവിനെ പരിപാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. തുടർന്ന് സംഘം ഭക്ഷണ ആവശ്യങ്ങൾക്കായി പശുവിനെ അറുത്തു. പശുവിന്റെ അവശിഷ്ടങ്ങൾ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് വീണു. പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ഇരുചക്ര വാഹനവും മാരുതി സ്വിഫ്റ്റ് കാറും തെളിവായി പിടിച്ചെടുത്തിട്ടുണ്ട്.
ആറ് പ്രതികളും നിലവിൽ കസ്റ്റഡിയിലാണ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഉടുപ്പി ജില്ല പൊലീസിനോട് ആവശ്യപ്പെട്ട ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ കുഞ്ഞാലു രാമമന്ദിരത്തിൽ നടന്ന പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി. പശുവിന്റെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ കണ്ടത് ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ പ്രവൃത്തിക്ക് ഉത്തരവാദികളായ കുറ്റവാളികളെ തിരിച്ചറിയാൻ നൂർ ജുമാ മസ്ജിദ് കമ്മിറ്റി പ്രതിനിധികൾ ബ്രഹ്മാവർ പൊലീസിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

