സാഹിത്യകാരൻ ശിവറാം കാരന്തിന്റെ ജീവിതം അഭ്രപാളിയിലേക്ക്
text_fieldsകുന്താപുര റോട്ടറി കലാമന്ദിറിൽ നടന്ന ചടങ്ങിൽ ‘ബാലാവനത ജാദുഗാര’ എന്ന കന്നഡ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ബംഗളൂരു: ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ ഡോ. ശിവറാം കാരന്തിന്റെ ജീവിതം അഭ്രപാളിയിലേക്ക്. ശിവറാം കാരന്തിന്റെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ ഇ.എം. അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച 'ബാലാവനത ജാദുഗാര' എന്ന കന്നഡ ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങും.
കാരന്തിന്റെ സാഹിത്യസൃഷ്ടികളിൽ ആകൃഷ്ടനായ ഒരു ബാലന്റെ മനോലോകത്തിലൂടെ സഞ്ചരിക്കുന്നതായാണ് സിനിമയുടെ ആവിഷ്കാരം. കന്നഡ ഭാഷയിൽ ഇതേ പേരിൽ ഇ.എം. അഷ്‌റഫ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി കെ.പി. ശ്രീഷൻ നിർമിക്കുന്ന സിനിമക്ക് മൻസൂർ പള്ളൂരാണ് ക്രിയേറ്റിവ് സപ്പോർട്ട് നൽകുന്നത്. കന്നഡ സാഹിത്യകാരി ഡോ. പാർവതി ഐത്താളാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
ബേപ്പൂരിലെ ഉരുനിർമാണ തൊഴിലാളികളുടെയും പ്രവാസിയുടെയും കഥ പറഞ്ഞ 'ഉരു' എന്ന മലയാള സിനിമക്കുശേഷം ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്ത സിനിമയാണ് 'ബാലാവനത ജാദുഗാര'. ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 'ചോമന തുടി' സിനിമയുടെ രചയിതാവായ ശിവറാം കാരന്ത് കർണാടകയിൽ സർവാദരണീയനായ സാഹിത്യകാരനാണ്. പുതിയ കാലഘട്ടത്തിൽ കുട്ടികളെ ജീവിതവും സാഹിത്യവുമായി ബന്ധപ്പെടുത്തുന്ന സിനിമ കർണാടക സംസ്കാരത്തെക്കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.
കുന്താപുരം റോട്ടറി കലാമന്ദിറിൽ നടന്ന ചടങ്ങിൽ സിനിമയുടെ പോസ്റ്ററും ടീസറും പുറത്തിറക്കി. കൊല്ലൂർ ശ്രീ മൂകാംബിക ട്രസ്റ്റി കെ. ചന്ദ്രശേഖര ഷെട്ടി പ്രകാശനം നിർവഹിച്ചു. ഡോ. കെ.എസ്. കാരന്ത്, ഡോ. ഉമേഷ് പുത്രൻ, ഡോ. പാർവതി ഐത്താൾ, അഡ്വ. എ.എസ്.എൻ ഹെബ്ബാർ, അഡ്വ. രവി കിരൺ, ഇ.എം. അഷ്‌റഫ്, മൻസൂർ പള്ളൂർ, കെ.പി. ശ്രീഷൻ എന്നിവർ സംസാരിച്ചു. കർണാടകയിലെ കുന്താപുരം കോട്ട തീം പാർക്ക്, നമ്മഭൂമി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
കെ.പി. അബ്ദുൽ സത്താറാണ് സഹ നിർമാതാവ്. സംഗീതം: ഫീഡിൽ അശോക്, എഡിറ്റിങ്: ഹരി ജി. നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

