ധർമസ്ഥല കേസിൽ എസ്.ഐ.ടി സുജാത ഭട്ടിനെ വീണ്ടും ചോദ്യംചെയ്തു
text_fieldsസുജാത ഭട്ട്
മംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരാതിക്കാരിലൊരാളായ സുജാത ഭട്ടിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്തു. നേരത്തേ ഇവരെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. മണിപ്പാൽ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരിക്കെ 2003ൽ തന്റെ മകൾ അനന്യ ധർമസ്ഥല ക്ഷേത്രപരിസരത്തുനിന്ന് അപ്രത്യക്ഷയായെന്ന് നേരത്തേ ആരോപിച്ച സുജാത ഭട്ട്, ചോദ്യം ചെയ്യലിൽ പരാതി പിൻവലിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
അവർ കാര്യമായ സമ്മർദത്തിലാണെന്നും തുടർച്ചയായ ചോദ്യംചെയ്യലിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചത്തെ മൊഴികൾ അവരുടെ മുൻ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ പറഞ്ഞു.
തന്റെ മകളുടെ തിരോധാനം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുജാത നേരത്തേ അവകാശപ്പെട്ടിരുന്നു. അതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ചില വ്യക്തികളുടെ പേരുകൾ വെള്ളിയാഴ്ച അവർ വെളിപ്പെടുത്തി. വെളിപ്പെടുത്തലുകൾ പരിശോധിച്ചുവരുകയാണെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ പറഞ്ഞു.
അവർ ഔദ്യോഗികമായി പരാതി പിൻവലിച്ചാലും ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലും ജുഡീഷ്യൽ പ്രക്രിയയിൽ പ്രവേശിച്ചതിനാലും എസ്.ഐ.ടി അന്വേഷണം തുടരുമെന്ന് നിയമ വിദഗ്ധർ പറഞ്ഞു. രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായ കേസ് ഇപ്പോഴും സൂക്ഷ്മ നിരീക്ഷണത്തിലാണ്. വരുംആഴ്ചകളിൽ എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

