പൊലീസ് പീഡനത്തിൽ എസ്.ഐയുടെ പിതാവ് മരിച്ചു: മൃതദേഹവുമായി സ്റ്റേഷന് മുന്നിൽ പ്രതിഷേധം
text_fieldsബംഗളൂരു: ബെലഗാവി ജില്ലയിൽ പൊലീസ് ഇൻസ്പെക്ടർ തന്റെ പിതാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചു പ്രതിഷേധിച്ചു. പിതാവിന്റെ മരണത്തിൽ മറ്റൊരു സബ് ഇൻസ്പെക്ടറുടെ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. റായ്ബാഗ് താലൂക്കിലെ ഹരോഗേരി പൊലീസ് സ്റ്റേഷനു മുന്നിൽ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. വിജയപുര ജില്ലയിലെ ദേവദുർഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശോക സദലഗിയാണ് ഹരോഗേരി പൊലീസ് സബ് ഇൻസ്പെക്ടർ മാലപ്പ പൂജാരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
അശോക സദലഗിയുടെ പിതാവ് അന്നപ്പയെ ആക്രമിച്ചവർക്കെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. അന്നപ്പയെ ഒരു ദിവസം മുഴുവൻ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വൈകീട്ടോടെ അന്നപ്പക്ക് അസുഖം അനുഭവപ്പെട്ടു. രക്തസമ്മർദവും പഞ്ചസാരയുടെ അളവും കുറഞ്ഞു. രണ്ടാമത്തെ മകൻ അദ്ദേഹത്തെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ശനിയാഴ്ച അദ്ദേഹം മരിച്ചു. സംഭവത്തിൽ പ്രകോപിതനായ സദലഗി തന്റെ പിതാവിന്റെ മൃതദേഹം ഹരോഗേരി പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് പ്രതിഷേധിക്കുകയായിരുന്നു. നീതി ലഭ്യമാക്കണമെന്നും എസ്.ഐക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബെലഗാവി ജില്ല പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് സംഭവസ്ഥലം സന്ദർശിക്കണമെന്നും കുടുംബം നിർബന്ധിച്ചു.
ചിക്കോടി ഡിവൈ.എസ്.പി സ്ഥലത്തെത്തി ഇൻസ്പെക്ടർ സദലഗിയെ പ്രതിഷേധം പിൻവലിക്കാൻ പ്രേരിപ്പിച്ചു.ജനുവരി 10ന് മൂന്നുപേർ അന്നപ്പയുടെ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയിരുന്നു. ഇവരെ നേരിട്ടപ്പോൾ അവർ അദ്ദേഹത്തെ ആക്രമിച്ചു. തുടർന്ന് അന്നപ്പ അടിയന്തര ഹെൽപ് ലൈനിലേക്ക് വിളിക്കുകയും പൊലീസിന്റെ സഹായം തേടുകയും ചെയ്തു. പൊലീസ് പ്രതിയെയും അന്നപ്പയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിൽ വെച്ച് അന്നപ്പയെ പീഡിപ്പിച്ചതായാണ് ആരോപണം. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്പെക്ടർ സദലഗി ഹരോഗേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ, സി.പി.ഐ, അത്താണി ഡിവൈ എസ്പി എന്നിവരെ സമീപിച്ചിരുന്നു. എന്നാൽ, പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. പ്രതികളുടെ എതിർ പരാതിയെ തുടർന്ന് ഫെബ്രുവരി രണ്ടിന് ഹരോഗേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ സദലഗിയുടെ സഹോദരനെതിരെ അതിക്രമത്തിന് കേസെടുത്തതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

