വാണിജ്യ എൽ.പി.ജി വില വർധന; സാധാരണക്കാർക്കുള്ള തിരിച്ചടി -സിദ്ധരാമയ്യ
text_fieldsബംഗളൂരു: വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധനക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത് സാധാരണക്കാർക്ക് നേരിട്ടുള്ള ഒരു പ്രഹരമാണ്. വർധിച്ചുവരുന്ന ഇന്ധന, നികുതി ഭാരങ്ങൾ നിശ്ശബ്ദമായി പണപ്പെരുപ്പത്തിന് ആക്കം കൂട്ടുകയും ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
വാണിജ്യ എൽ.പി.ജിയെ ആശ്രയിക്കുന്ന ചായക്കടകൾ, ക്വിക്ക് സർവിസ് റെസ്റ്റാറന്റുകൾ, ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തെരുവുകച്ചവടക്കാർ എന്നിവരെ വർധന സാരമായി ബാധിക്കുമെന്ന് സമൂഹ മാധ്യമമായ എക്സില്‍ മുഖ്യമന്ത്രി കുറിച്ചു. എൽ.പി.ജി വില ഉയരുമ്പോൾ ഭക്ഷണവില, പണപ്പെരുപ്പം എന്നിവ കൂടും. ഉപജീവനമാർഗങ്ങൾക്കായി ജനങ്ങള്‍ കഷ്ടപ്പെടുകയും ചെയ്യും.
സൗദി കരാർ വിലകളിലെ (സി.പി) വർധനയാണ് എൽ.പി.ജി വില വർധനക്ക് കാരണമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചപ്പോൾ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായി കുറയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാത്തത് എന്തുകൊണ്ട് എന്ന് നരേന്ദ്ര മോദി ഉത്തരം നൽകണം. സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക അനീതിയാണിത്.
കർണാടക എല്ലാ വർഷവും ദേശീയ ഖജനാവിലേക്ക് 4.5 മുതൽ അഞ്ച് ലക്ഷം കോടി വരെ സംഭാവന ചെയ്യുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നത് 60,000 കോടി രൂപ മാത്രമാണ്. ഇത് സഹകരണ ഫെഡറലിസമല്ല സാമ്പത്തിക അസന്തുലിതാവസ്ഥയാണ്. തൊഴിലാളികളെ പിഴിഞ്ഞെടുത്തും ദരിദ്രരുടെ മേൽ നികുതി ചുമത്തിയും സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ടും ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും ശക്തമായ ഒരു രാഷ്ട്രം ജനങ്ങളെ ബഹുമാനിക്കുകയും സംസ്ഥാനങ്ങളെ ശക്തീകരിക്കുകയും വളർച്ച ന്യായമായി പങ്കിടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

