കേന്ദ്രം നികുതി വിഹിതം കുറച്ചാൽ തെരുവിലിറങ്ങുമെന്ന് സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകക്കുള്ള നികുതി വിഹിതം കുറക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടി കർണാടക വിരുദ്ധത മാത്രമല്ല ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫെഡറൽ ഘടനക്കെതിരായ നേരിട്ടുള്ള ആക്രമണം കൂടിയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര നികുതികളിൽ സംസ്ഥാനങ്ങളുടെ വിഹിതം 2026 മുതൽ കുറക്കാൻ കേന്ദ്രം തീരുമാനിച്ചാൽ ജനങ്ങളെ തെരുവിലിറക്കി നേരിടും.
കേന്ദ്ര നീക്കം ഭരണഘടനാനുസൃത ഫെഡറൽ ഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. ഇത്തരം അടിച്ചമർത്തൽ നടപടികളെ ചെറുക്കാനുള്ള ശക്തിയും ദൃഢനിശ്ചയവും സംസ്ഥാന സർക്കാറിനുണ്ട്. ഇക്കാര്യത്തിൽ അപ്പീലുകളും ചർച്ചകളും പരാജയപ്പെട്ടാൽ തന്റെ സർക്കാർ ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി പോരാടാൻ മടിക്കില്ല.
കർണാടകയുടെ നികുതി വിഹിതം 41 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറക്കാനാണ് ധനകാര്യ കമീഷൻ വഴി ശിപാർശ ചെയ്യാൻ എൻ.ഡി.എ സർക്കാർ തയാറെടുക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം കേന്ദ്രത്തിന്റെ നയങ്ങൾ സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ നിരന്തരം വെട്ടിക്കുറക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തു. സംസ്ഥാനങ്ങൾ പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ ന്യായമായ വിതരണ ഉത്തരവാദിത്തമുള്ള ധനകാര്യ കമീഷനെ ഇപ്പോൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമാക്കുകയാണ്. ഇത് അപകടകരമായ പ്രവണതയാണ്. സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വിവേചനാധികാരത്തെ ആശ്രയിക്കേണ്ട ഒരു ആശ്രിത സ്ഥാനത്തേക്ക് തള്ളിവിടുന്നു. ഈ നീക്കം അംഗീകരിക്കാൻ കഴിയില്ല.
വികേന്ദ്രീകരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമ്പോൾ കേന്ദ്രീകരണം സ്വേച്ഛാധിപത്യത്തെ വളർത്തുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ എട്ട് പതിറ്റാണ്ടുകൾ ആഘോഷിക്കുമ്പോൾ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിനുപകരം വെറും കീഴുദ്യോഗസ്ഥരായി കണക്കാക്കുന്നത് ആശങ്കാജനകമാണ്. എല്ലാ വർഷവും കർണാടക സർക്കാർ കന്നടിഗരിൽനിന്ന് പിരിച്ചെടുക്കുന്ന ഏകദേശം നാല് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിലേക്ക് അയക്കുന്നുണ്ട്.
ഒരു രൂപ സംസ്ഥാനത്തുനിന്നും നികുതിയായി കേന്ദ്ര സർക്കാർ പിരിച്ചെടുക്കുമ്പോൾ 15 പൈസ മാത്രമേ തിരികെ ലഭിക്കുന്നുള്ളൂ. പതിനഞ്ചാം ധനകാര്യ കമീഷൻ കർണാടകയുടെ നികുതി വിഹിതം 4.713 ശതമാനത്തിൽനിന്ന് 3.64 ശതമാനമായി കുറച്ചതിനാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,775 കോടി രൂപയുടെ നഷ്ടമുണ്ടായി.
പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നുണ്ടെങ്കിലും, കമീഷൻ ശിപാർശ ചെയ്ത പ്രത്യേക ഗ്രാന്റായി 5,495 കോടി രൂപ കേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല, കർണാടകക്ക് 6,000 കോടി രൂപ കേന്ദ്രസർക്കാർ നൽകിയ ഗ്രാന്റുകളും അനുവദിച്ചിട്ടില്ല. 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ 1,311 കോടി രൂപ കേന്ദ്രം കുറച്ചു. 2022-23ലും 2023-24 ലും ആരോഗ്യ ഗ്രാന്റുകൾ 826 കോടി രൂപ വെട്ടിക്കുറച്ചു, സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്) പ്രകാരം 340 കോടി രൂപ വെട്ടിക്കുറച്ചു. മൊത്തത്തിൽ 3,300 കോടി രൂപ നൽകാനുണ്ട്. 2024-25 ലും 2025-26 ലും ശിപാർശ ചെയ്ത പ്രത്യേക ഗ്രാന്റുകൾ ഉടൻ നൽകണം.സെസ്സിൽനിന്നും സർചാർജുകളിൽനിന്നും ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല.
2017-18 നും 2024-25 നും ഇടയിൽ കർണാടകക്ക് 53,359 കോടി രൂപ നഷ്ടപ്പെട്ടു. 2010-11ൽ മൊത്തം നികുതികളിൽ സെസ്സിന്റെയും സർചാർജുകളുടെയും വിഹിതം 8.1 ശതമാനത്തിൽനിന്ന് 2024-25ൽ 14 ശതമാനമായി വർധിച്ചു. കേന്ദ്ര ഗ്രാന്റുകൾ വർഷം തോറും കുറഞ്ഞുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്, സെസും സർചാർജുകളും ഉടനടി നിർത്തലാക്കുകയോ മൊത്തം നികുതി പൂളിൽ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്കിടയിൽ ന്യായമായി വിതരണം ചെയ്യുകയോ വേണം.
ജി.എസ്.ടി നടപ്പാക്കൽ മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് ജി.എസ്.ടി നഷ്ടപരിഹാര സെസ് ഏർപ്പെടുത്തിയതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.എന്നാൽ 2022 ജൂലൈയിൽ നഷ്ടപരിഹാരം നൽകുന്നത് നിർത്തിയെങ്കിലും കേന്ദ്ര സർക്കാർ 2026 വരെ സെസ് പിരിക്കുന്നത് തുടരുന്നു.
ഇതിനുപകരം വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് അധിക സംസ്ഥാന ജി.എസ്.ടി (എസ്.ജി.എസ്.ടി) ചുമത്താൻ അനുവദിക്കണം.1985 മുതൽ സേവന നികുതി പരിധി മാറ്റമില്ലാതെ തുടരുകയാണ്.പതിറ്റാണ്ടുകളിലെ സാമ്പത്തിക വളർച്ച കണക്കിലെടുക്കുമ്പോൾ അതിന്റെ ഉയർന്ന പരിധി വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. സംസ്ഥാനത്ത് പിരിച്ചെടുക്കുന്ന നികുതിയുടെ പകുതിയെങ്കിലും കർണാടകക്ക് തിരികെ നൽകണം. ന്യായമായ വിഹിതത്തിനായി നികുതി ഇതര വരുമാനം വിഭജിക്കാവുന്ന നികുതി പൂളിൽ ഉൾപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണം.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഗ്യാരന്റി സ്കീമുകളിലൂടെയും ക്ഷേമ പരിപാടികളിലൂടെയും ജനങ്ങളുടെ വിശ്വാസം നേടിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ അതിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി തോന്നുന്നു. ഈ ലക്ഷ്യം നേടുന്നതിനായി കർണാടകയുടെ ന്യായമായ നികുതി വിഹിതവും ഗ്രാന്റുകളും നിഷേധിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

