സിദ്ധരാമയ്യ സർക്കാർ മൂന്നാം വർഷത്തിലേക്ക്
text_fieldsകർണാടക സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രാജ്യത്തിന്റെ മൊത്തം പണവും വിഭവങ്ങളും സമ്പന്നർക്ക് മാത്രം എത്തിക്കുന്ന വികസനമാണ് ബി.ജെ.പിയുടേതെന്നും എന്നാൽ, രാജ്യത്തെ ദരിദ്രരിലേക്ക് നേരിട്ട് പണമെത്തിക്കുന്ന വികസന മാതൃകയാണ് കോൺഗ്രസിന്റേതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വിജയനഗര ഹൊസപേട്ടിൽ കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ രണ്ടാം വാർഷികാഘോഷമായ ‘സാധന സമാവേശ’ പരിപാടിയിൽ ഒരു ലക്ഷം പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
‘‘കോൺഗ്രസ് സർക്കാർ രണ്ടു വർഷം പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ നിങ്ങൾക്ക് അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികൾ വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസിന് ആ വാഗ്ദാനം നിറവേറ്റാനാവില്ലെന്ന് ബി.ജെ.പി നേതാക്കൾ പരിഹസിച്ചു. ഇതു നടക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പറഞ്ഞു. എന്നാൽ, കർണാടകയിലെ പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുമെന്ന വാക്ക് കോൺഗ്രസ് പാലിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് ഇന്ന് സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നൽകുന്നത്. ഈ പണം നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായും നിങ്ങളുടെ ആരോഗ്യത്തിനായും ചെലവഴിക്കുക. നിങ്ങളുടെ പണം നിങ്ങളിലേക്ക് തിരിച്ചെത്തണം. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’’- രാഹുൽ ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സങ് സുർജെവാല, മന്ത്രിമാർ, കോൺഗ്രസ് എം.എൽ.എമാർ, നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

