വിവാദമായ ‘യുദ്ധ’ പരാമർശത്തിൽ വിശദീകരണവുമായി സിദ്ധരാമയ്യ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കശ്മീർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുദ്ധം ആവശ്യമില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാക് മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ കടുത്ത വിമർശനവുമായി ബി.ജെ.പി. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.
താൻ യുദ്ധം തീരെ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും യുദ്ധം മാത്രമാണ് പരിഹാരമെന്ന ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ യുദ്ധം പാടുള്ളൂ എന്നും നിലവിൽ യുദ്ധ സാഹചര്യമില്ലെന്നുമാണ് താൻ പറഞ്ഞതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. അതേസമയം, കശ്മീർ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷ വീഴ്ചയുണ്ടായി എന്ന തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
പഹൽഗാമിലെത്തിയ ടൂറിസ്റ്റുകൾക്ക് സംരക്ഷണമൊരുക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനുണ്ടായിരുന്നെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഏപ്രിൽ 22ന് ജമ്മു-കശ്മീരിലെ പഹൽഗാം ബെസാരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കർണാടക സ്വദേശികളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു. ‘‘യുദ്ധം വേണ്ട എന്നു ഞാൻ പറഞ്ഞിട്ടില്ല. ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ മാത്രമേ യുദ്ധം പാടുള്ളൂ എന്നാണ് ഞാൻ പറഞ്ഞതിനർഥം’’-സിദ്ധരാമയ്യ വ്യക്തമാക്കി.
പാകിസ്താനിലെ മാധ്യമങ്ങൾ താങ്കളുടെ പ്രസ്താവന ഏറ്റുപിടിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പാകിസ്താനുമായി യുദ്ധം വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നിരവധി സഞ്ചാരികൾ കശ്മീരിൽ പോകുന്നതിനാൽ സഞ്ചാരികൾക്ക് സുരക്ഷ ഏർപ്പാടാക്കേണ്ടതായിരുന്നു. സുരക്ഷ നൽകേണ്ട ഉത്തരവാദിത്തം ആരുടേതാണ്? കേന്ദ്ര സർക്കാറാണ് സുരക്ഷ സംവിധാനിക്കേണ്ടത്. അവിടെ വീഴ്ച സംഭവിച്ചു എന്നാണ് ഞാൻ ചൂണ്ടികാട്ടിയത് -സിദ്ധരാമയ്യ പറഞ്ഞു.
‘‘26 പൗരന്മാർ പഹൽഗാമിൽ കൊല്ലപ്പെട്ടു. 40 സൈനികർ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ഇന്റലിജൻസ് സംവിധാനം രണ്ടിടത്തും പരാജയപ്പെട്ടു. കേന്ദ്ര സർക്കാർ മതിയായ സുരക്ഷ നൽകിയില്ലെന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ അവിടെ യുദ്ധമാവാം.
എന്നാൽ, അവിടെ ഇപ്പോൾ യുദ്ധത്തിന്റെ ആവശ്യമില്ല’’ -സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. പഹൽഗാം ആക്രമണത്തിന്റെ പേരിൽ യുദ്ധം ആവശ്യമില്ലെന്ന് ഇന്ത്യക്കകത്തുനിന്നുതന്നെ അഭിപ്രായങ്ങളുയരുന്നതായി ചൂണ്ടിക്കാട്ടാനാണ് പാക് മാധ്യമങ്ങൾ സിദ്ധരാമയ്യയുടെ പ്രസ്താവന ഉപയോഗിച്ചത്. ശനിയാഴ്ചയാണ് സിദ്ധരാമയ്യ വിവാദമായ പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

