കരിമ്പിന് 3300 രൂപ താങ്ങുവില പ്രഖ്യാപിച്ച് സിദ്ധരാമയ്യ
text_fieldsകരിമ്പ് താങ്ങുവില വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പഞ്ചസാര മില്ലുടമകളുമായി ചർച്ച നടത്തുന്നു
ബംഗളൂരു: കരിമ്പ് ടണിന് 3300 രൂപ താങ്ങുവില പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വെള്ളിയാഴ്ച പഞ്ചസാര മില്ലുടമകളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. താങ്ങുവില പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകർ സമരത്തിൽനിന്ന് പിന്മാറണമെന്നും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരിമ്പ് കൃഷി വ്യാപകമായ ബെളഗാവി, ഹാവേരി, ബാഗൽകോട്ട്, വിജയപുര ജില്ലകളിലെ കർഷകരാണ് ടണിന് 3500 രൂപ താങ്ങുവില ആവശ്യപ്പെട്ട് സമരരംഗത്തുള്ളത്. സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുഖ്യമന്ത്രി മില്ലുടമകളെ ചർച്ചക്കു വിളിച്ചത്.
ഇതിനിടെ ബംഗളൂരു-പുണെ ദേശീയ പാതയിൽ ഹട്ടർഗി ടോൾഗേറ്റിന് സമീപം റോഡ് ഉപരോധിക്കാൻ ശ്രമിച്ച കർഷകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഉപരോധക്കാരിൽ ചിലർ പൊലീസീനുനേരെ കല്ലെറിഞ്ഞതായും പറയുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഹൈവേ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം പിന്നീട് പുനഃസ്ഥാപിച്ചു. ഹട്ടർഗി ടോൾ പ്ലാസയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊലീസ് സന്നാഹം ഉണ്ടായിരുന്നു. കർഷകരുടെ വിഷയം അനുഭാവത്തോടെ പരിഗണിക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

