മലയാള ഭാഷ ബില്ലിനെതിരെ സിദ്ധരാമയ്യ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കേരള സർക്കാറിന്റെ മലയാള ഭാഷ ബിൽ 2025 പ്രകാരം കേരളത്തിലെ കന്നട മീഡിയം സ്കൂളുകളിൽ മലയാളത്തെ ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രത്യേകിച്ച് കാസർകോട് ഉൾപ്പെടെ കേരള-കർണാടക അതിർത്തി ജില്ലകളിൽ താമസിക്കുന്ന കന്നടിഗർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം ഇതോടെ നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ അടിച്ചമർത്തുന്ന ഇത്തരമൊരു നീക്കം കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിൽനിന്ന് പ്രതീക്ഷിച്ചതല്ല. ഭരണപരമായി കാസർകോട് കേരളത്തിന്റെ ഭാഗമായാലും സാംസ്കാരികമായി കർണാടകയോടാണ് ചേർന്നിരിക്കുന്നത്. അവിടത്തെ ജനങ്ങൾ കന്നട ഭാഷ, സംസ്കാരം, സാഹിത്യം എന്നിവയുമായി ഇടപഴകിയാണ് ജീവിക്കുന്നത്. അവർ കർണാടകയിലെ കന്നടിഗരെക്കാൾ എണ്ണത്തില്‍ കുറവൊന്നുമല്ല.
അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നത് സർക്കാറിന്റെ കടമയാണ്. നാനാത്വത്തില്‍ ഏകത്വം കാണുന്ന ഓരോ ഇന്ത്യൻ പൗരനും മാതൃഭാഷയിൽ പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ 2025 ഉടൻ പിൻവലിക്കണം. മാതൃഭാഷ ന്യൂനപക്ഷങ്ങൾക്ക് വെറും ഭാഷ മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാന ഘടകം കൂടിയാണ്. മാതൃഭാഷയിൽ പഠിക്കുന്ന കുട്ടികൾ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്യഭാഷകൾ പഠിക്കാന്‍ കുട്ടികളെ നിർബന്ധിക്കുന്നത് അവരുടെ പഠനശേഷി കുറക്കുകയും ഭാഷാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയുംചെയ്യും. കാസർകോട്ടെ ജനങ്ങൾ തലമുറകളായി കന്നട മാധ്യമങ്ങളിൽ പഠിച്ചവരും ദൈനംദിന ജീവിതത്തിൽ കന്നട ഭാഷ ഉപയോഗിക്കുന്നവരുമാണ്. കാസർകോട് ജില്ലയിൽ 70 ശതമാനം വിദ്യാര്‍ഥികളും കന്നട ഭാഷയും കന്നട മീഡിയവും ആഗ്രഹിക്കുന്നുവെന്നത് അവിടത്തെ കന്നടിഗരുടെ പൊതുവായ അഭിപ്രായമാണ്.
ഒരു ഭാഷയും മറ്റൊരു ഭാഷക്ക് എതിരല്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം. ഇതിന് ഭീഷണിയാകുന്ന ഏതു ശ്രമവും അപകടകരമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതായി ഭരണഘടനയിൽ വ്യക്തമായി പറയുന്നു. ഭരണഘടനയുടെ വകുപ്പ് 29, 30 പ്രകാരം രാജ്യത്തിന്റെ ഏതു ഭാഗത്ത് താമസിക്കുന്നവർക്കും അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും അവകാശമുണ്ട്. വകുപ്പ് 350 (എ) പ്രാഥമിക ഘട്ടത്തിൽ മാതൃഭാഷയിൽ പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. 350 (ബി) ഭാഷ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുന്നു. ഈ സാഹചര്യത്തിൽ ഭാഷ ന്യൂനപക്ഷങ്ങളുടെ ഭാഷാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി സർക്കാർ സ്വീകരിക്കരുത്. കർണാടകയിൽ കന്നട ഭാഷയെ വളർത്തിയും സംരക്ഷിച്ചും പോകുന്നതുപോലെ കേരള സർക്കാറിന് കേരളത്തിൽ മലയാളം വളർത്താനും സംരക്ഷിക്കാനും അവകാശമുണ്ട്. എന്നാൽ, ഒരു ഭാഷയെ മറ്റൊരു ഭാഷക്കു മേൽ അടിച്ചേൽപിക്കരുത്. കേരള സർക്കാർ ഈ ബിൽ നടപ്പാക്കാന്‍ ശ്രമിച്ചാൽ കന്നടിഗർ ശക്തമായി എതിർക്കും. അവരുടെ ഭാഷ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാ തരത്തിലുള്ള പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

