എസ്.ഐ പരീക്ഷ ക്രമക്കേട്: പ്രധാന പ്രതി രുദ്രഗൗഡ പാട്ടീൽ കീഴടങ്ങി
text_fieldsബംഗളൂരു: പൊലീസ് എസ്.ഐ നിയമന പരീക്ഷത്തട്ടിപ്പു കേസിലെ പ്രധാന പ്രതി രുദ്രഗൗഡ പാട്ടീൽ കലബുറഗിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഒളിവിലായ ഇയാൾക്കായി സി.ഐ.ഡി സംഘം തിരച്ചിൽ ഊർജിതമാക്കിയതിനിടെയാണിത്. ഇയാളെ ജയിലിലേക്ക് അയച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ട ഇയാൾ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ അറസ്റ്റിലായ രുദ്രഗൗഡ പാട്ടീലിനെ ജാമ്യത്തിൽ വിട്ടിരുന്നെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് കോടതിയുത്തരവനുസരിച്ചാണ് അന്വേഷണസംഘം വീട്ടിലെത്തിയത്. താൻ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഫ്സൽപുർ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് ഇയാൾ പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
താൻ ഒളിവിലല്ലെന്നും നിങ്ങൾക്ക് സേവനം ചെയ്യാനായി ഉടൻ എത്തുമെന്നും രാഷ്ട്രീയ സമ്മർദത്താലാണ് തന്നെ പരീക്ഷ ക്രമക്കേട് കേസിൽ പ്രതിചേർത്തതെന്നുമാണ് ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നത്.545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനാണ് പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. വൻ തട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു.
സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻ ക്രമക്കേടാണ് നടന്നതെന്നാണ് പറയുന്നത്.ഭരണകക്ഷിയായ ബി.ജെ.പിയുമായും കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളുമായും ക്രമക്കേടിന് ബന്ധമുണ്ട്. ഇതിനകം പ്രതികളായ പലർക്കും ജാമ്യം കിട്ടിയിട്ടുമുണ്ട്.