വോട്ടുചെയ്യുമ്പോൾ ‘ജയ് ഹനുമാൻ’ വിളിക്കൂ -മോദി
text_fieldsബെളഗാവിയിലെ മുൽകിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാന
മന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
ബംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ തോല്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കർണാടകയിലെ മുൽകിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ നിങ്ങൾ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു.
വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനാണ് തന്നെ കോൺഗ്രസ് നേതാക്കൾ ചീത്തവിളിക്കുന്നതെന്നും മോദി അവകാശപ്പെട്ടു. കോൺഗ്രസിന്റെത് ചീത്തവിളി സംസ്കാരമാണെന്നും അത് കർണാടക സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു.
അതിനിടെ, ബംഗളൂരു നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടമായും വൈകീട്ട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ പുരം, സി.വി രാമൻ നഗർ, ശാന്തിനഗർ മണ്ഡലങ്ങളിലൂടെ ഉച്ചക്ക് ഒന്നിന് ശിവാജി നഗറിലെത്തും. വൈകീട്ട് നാലിന് സൗത്ത് ബംഗളൂരുവിലെ ബ്രിഗേഡ് മില്ലേനിയത്തിൽനിന്ന് പുനരാരംഭിക്കുന്ന റോഡ് ഷോ ബൊമ്മനഹള്ളി, ജയനഗർ, പത്മനാഭ നഗർ, ബസവനഗുഡി, ചിക്പേട്ട്, ചാമരാജ് പേട്ട്, ഗാന്ധിനഗർ, വിജയനഗർ, ഗോവിന്ദരാജ നഗർ, രാജാജി നഗർ, മഹാലക്ഷ്മി ലേഔട്ട് മല്ലേശ്വരത്ത് സാങ്കേ ടാങ്കിന് സമീപം സമാപിക്കും. ബംഗളൂരു നഗരത്തിലെ 28 മണ്ഡലങ്ങളിൽ 15 എണ്ണം ബി.ജെ.പിക്കും 12 എണ്ണം കോൺഗ്രസിനും ഒപ്പമാണ്. ഒരു മണ്ഡലത്തിലാണ് നിലവിൽ ജെ.ഡി-എസ് പ്രാതിനിധ്യമുള്ളത്. മോദിയുടെ റോഡ് ഷോ അരങ്ങേറുന്നതിനാൽ ശനിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.