ശിവമൊഗ്ഗ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ ചെയർമാന്റെ 14 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
text_fieldsബംഗളൂരു: ശിവമോഗ ജില്ല സഹകരണ ബാങ്കിൽ നടന്ന 63 കോടി രൂപയുടെ സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാങ്ക് മുൻ ചെയർമാൻ ആർ.എം. മഞ്ചുനാഥ ഗൗഡയുടേയും ഭാര്യയുടെയും 14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച അറിയിച്ചു. കേസിൽ ഫെഡറൽ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡുകൾക്ക് ശേഷം ഏപ്രിലിൽ ഗൗഡയെ അറസ്റ്റ് ചെയ്തിരുന്നു.
ഇദ്ദേഹം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്. സഹകരണ ബാങ്കിന്റെ സിറ്റി ബ്രാഞ്ചിൽ നടന്ന സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗൗഡയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 13.91 കോടി രൂപയുടെ നിലവിലെ വിപണി മൂല്യമുള്ള സ്ഥാവര, ജംഗമ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) കണ്ടുകെട്ടിയതായി ഇ.ഡി വാർത്തക്കുറിപ്പിൽ പറഞ്ഞു.
കർണാടക പൊലീസ് സമർപ്പിച്ച പരാതിയിലും കുറ്റപത്രത്തിലുമാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചത്. ബാങ്കിന്റെ മുൻ ബ്രാഞ്ച് മാനേജർ ബി. ശോഭയും മറ്റു കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി 62.77 കോടി രൂപയുടെ ബാങ്ക് ഫണ്ട് വകമാറ്റി എന്നായിരുന്നു ആരോപണം.
വ്യക്തിഗത അക്കൗണ്ട് ഉടമകളുടെ അറിവില്ലാതെ കെട്ടിച്ചമച്ചതും വ്യാജവുമായ രേഖകൾ ഉപയോഗിച്ച് ‘വഞ്ചനാപരമായ’ സ്വർണ വായ്പ അക്കൗണ്ടുകൾ തുറക്കുക എന്നതായിരുന്നു പ്രവർത്തനരീതി. ശിവമോഗ ജില്ല സഹകരണ സെൻട്രൽ ബാങ്കിന്റെ സിറ്റി ശാഖയിൽ വൻതോതിലുള്ള ഫണ്ട് ദുരുപയോഗം നടന്നതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

