ശിവമൊഗ്ഗ സംഘർഷം; 60 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: നബിദിന റാലിക്കിടെ സംഘർഷമുണ്ടായ കർണാടകയിലെ ശിവമൊഗ്ഗയിൽ സ്ഥിതി സാധാരണനിലയിലേക്ക്. സംഭവത്തിൽ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. ശിവമൊഗ്ഗയിൽ റാഗിഗുഡ്ഡ എന്നറിയപ്പെടുന്ന ശാന്തിനഗറിൽ നബിദിന റാലിക്കിടെയാണ് കല്ലേറ് നടന്നത്. കല്ലേറിൽ പൊലീസുകാരടക്കം ആറു പേർക്ക് പരിക്കേറ്റു.
ഇവർ മക്ഗൻ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ ഇരു സമുദായക്കാരുടെയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. സംഘർഷം അരങ്ങേറിയ ശാന്തിനഗർ മേഖല ഉൾപ്പെടെ ശിവമൊഗ്ഗ നഗരത്തിൽ നിരോധനാജ്ഞ തുടരുകയാണ്.ശിവമൊഗ്ഗയിൽ റാലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഹിന്ദു- മുസ്ലിം സമുദായത്തിൽപെട്ടവർ പങ്കാളികളായതായും ഇരു കൂട്ടരും പരസ്പരം കല്ലെറിഞ്ഞതായും ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കല്ലെറിഞ്ഞവർക്കെതിരെ 24 എഫ്.ഐ.ആർ തയാറാക്കിയതായും എസ്.പി പറഞ്ഞു.
സംഘർഷം ആവർത്തിക്കാതിരിക്കാൻ ജില്ലാ ഭരണകൂടം കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുവരുന്നതായി എസ്.പി അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. എന്നാൽ, കർണാടകയിൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ക്രമസമാധാനം തകർന്നതായി ബി.ജെ.പി കുറ്റപ്പെടുത്തി. നബിദിന റാലിയിൽ ടിപ്പുസുൽത്താന്റെയും ഔറംഗസീബിന്റെയും കട്ടൗട്ടുകൾ ഉൾപ്പെടുത്തിയതാണ് സംഘർഷത്തിനിടയാക്കിയതെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

