കർഫ്യൂ, കനത്ത പൊലീസ് സുരക്ഷ; ദർഗയിൽ ശിവലിംഗ പൂജ സമാധാനപരം
text_fieldsവിജനമായ നഗരത്തിലെ പൊലീസ് സുരക്ഷ, വീരഭദ്ര മാധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗളൂരു: മഹാശിവരാത്രിയോടനുബന്ധിച്ച് ബുധനാഴ്ച കലബുറുഗി ആലന്ദിലെ ലാഡ്ലെ മഷക് ദർഗയിൽ രാഘവ ചൈതന്യ ശിവലിംഗത്തിൽ പ്രാർഥനയും പൂജയും നടന്നു. ആലന്ദ് കടഗഞ്ചി മഠത്തിലെ വീരഭദ്ര ശിവാചാര്യയുടെ നേതൃത്വത്തിൽ ഹിന്ദു നേതാക്കൾ ശക്തമായ പൊലീസ് സുരക്ഷയിൽ എത്തിയാണ് പൂജ നടത്തിയത്. കർണാടക ഹൈകോടതിയുടെ കലബുറുഗി ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ 15 പേരടങ്ങുന്ന സംഘത്തിന് പൂജ നടത്താൻ അനുമതി നൽകിയിരുന്നു.
ഹൈകോടതി നിർദേശപ്രകാരം ബുധനാഴ്ച ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ പൂജ നടത്തി. നേരത്തെ പൂജ നടത്തുന്ന ആളുകളുടെ പട്ടിക ഹിന്ദു സംഘടനകൾ അധികാരികൾക്ക് സമർപ്പിച്ചിരുന്നു. ഇത്തവണ വഖഫ് ട്രൈബ്യൂണൽ അനുമതി നിഷേധിച്ചതിനാൽ ആന്ദോള മഠാധിപതി സിദ്ധലിംഗ സ്വാമി ആചാരത്തിൽനിന്ന് വിട്ടുനിന്നു.ബുധനാഴ്ച 10 ഹിന്ദു നേതാക്കൾ ദർഗയിൽ പ്രവേശിച്ച് രാഘവ ചൈതന്യ ശിവലിംഗത്തിൽ പ്രാർഥന നടത്തി. പൂജക്ക്ശേഷം സംസാരിച്ച വീരഭദ്ര ശിവാചാര്യ മാധ്യമങ്ങളോട് സംസാരിച്ചു.‘‘ഞങ്ങൾ ബില്ല ഇലകൾ അർപ്പിക്കുകയും രുദ്രാഭിഷേകം, ഗംഗാ പൂജ, വിഘ്നേശ്വര പൂജ എന്നിവ നടത്തുകയും ചെയ്തു. പൂജ നടത്തുന്നതിന് തടസ്സങ്ങളുണ്ട്, അല്ലാത്തപക്ഷം ലക്ഷക്കണക്കിന് ഭക്തർ ഇവിടെ ഒത്തുകൂടും.
വരും ദിവസങ്ങളിൽ തീർച്ചയായും ഇവിടെ ഒരു ശിവക്ഷേത്രം ഉയരും’’-അദ്ദേഹം പറഞ്ഞു.മേഖലയിൽ കലബുറുഗി ജില്ല പൊലീസ് സൂപ്രണ്ട് അദ്ദൂർ ശ്രീനിവാസുലു, റയ്ച്ചൂർ ജില്ല പൊലീസ് സൂപ്രണ്ട് എം.പുട്ടമാദയ്യ എന്നിവരുടെ മേൽനോട്ടത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 1150 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ മഹാശിവരാത്രി ആഘോഷം സമാധാനപരമായി നടന്നു. കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ പരിമിതമായി മാത്രമേ നിരത്തിലിറങ്ങിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

