മുസ്ലിം സംവരണം റദ്ദാക്കൽ അവകാശ ധ്വംസനം - ശിവസുന്ദർ
text_fieldsമുസ്ലിം സംവരണം റദ്ദാക്കിയതിനെതിരെ എസ്.എസ്.എഫ് നടത്തിയ ശിൽപശാലയിൽ സാമൂഹിക പ്രവർത്തകൻ ശിവസുന്ദർ മുഖ്യപ്രഭാഷണം നടത്തുന്നു
ബംഗളൂരു: കർണാടകയിലെ മുസ്ലിംകൾക്കുള്ള 2ബി സംവരണം റദ്ദാക്കിയ ഉത്തരവ് രാഷ്ട്രീയപ്രേരിതമാണെന്നും ഒരു സമുദായത്തിന്റെ അവകാശങ്ങളുടെ മേലുള്ള കത്തിവെക്കലാണെന്നും പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിവസുന്ദർ പറഞ്ഞു. ഒരു പഠനവുമില്ലാതെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു സമുദായത്തെ അകറ്റി മറ്റുള്ളവരുടെ വോട്ടുനേടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘2ബി റിസർവേഷൻ റദ്ദാക്കൽ ഉത്തരവിന്റെ ഗുണവും ദോഷവും’ വിവര ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും ദലിതർക്കു പിന്നിലാണെന്നും അവരെ ശക്തരായ ബ്രാഹ്മണരുമായി മത്സരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും സച്ചാർ റിപ്പോർട്ടിൽ പറയുന്നു.
മുതിർന്ന മാധ്യമപ്രവർത്തകൻ ബി.എം. ഹനീഫ് സംസാരിച്ചു. തെരഞ്ഞെടുപ്പിനുവേണ്ടി പാവപ്പെട്ടവന്റെ ചോറിൽ കല്ലിടുന്ന തരംതാണ രാഷ്ട്രീയമാണ് ഇതെന്നും സമൂഹം പക്വതയോടെ ചിന്തിച്ച് അടുത്ത ചുവടുവെപ്പ് നടത്തണമെന്നും പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെയും നേതാക്കൾക്ക് ഇതുസംബന്ധിച്ച് വിവരം നൽകുന്നുണ്ടെന്ന് എസ്.എസ്.എഫ് കർണാടക സംസ്ഥാന പ്രസിഡന്റ് ഹാഫിസ് സുഫ്യാൻ സഖാഫി അൽ ഹിക്കമി പറഞ്ഞു. ബംഗളൂരു ജില്ല പ്രസിഡൻറ് അബ്ദുല്ലത്തീഫ് നഈമി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ബഷീർ സഅദി, ഹക്കീം, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ മുജീബ് കുടക്, ശിഹാബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

