ഷിരാദി തുരങ്കം; മംഗളൂരു-ബംഗളൂരു പാത പദ്ധതിക്ക് സംയുക്ത സമിതി
text_fieldsമംഗളൂരു: നിർദിഷ്ട ഷിരാദി ചുരം തുരങ്ക ഇടനാഴി, മംഗളൂരുവിനും ബംഗളൂരുവിനും ഇടയിലുള്ള സംയോജിത ഹൈവേ, റെയിൽ കണക്ടിവിറ്റി എന്നിവ പരിശോധിക്കുന്നതിനായി കേന്ദ്രം സംയുക്ത വിദഗ്ധ സമിതി രൂപവത്കരിച്ചതായി ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെയും ഇന്ത്യൻ റെയിൽവേയിലെയും വിദഗ്ധർ ഉൾപ്പെടുന്ന സമിതി സാങ്കേതിക, സാധ്യത, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, നിർമാണ വെല്ലുവിളികൾ, ചെലവ് എന്നിവ ഉൾക്കൊള്ളുന്ന വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ്, റെയിൽവേ വകുപ്പുകളുടെ പ്രത്യേക പഠനങ്ങൾക്ക് പകരം ഏകോപിത വിലയിരുത്തൽ വേണമെന്ന ചൗട്ടയുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. കർണാടകയുടെ തീരദേശ മേഖലയെ തലസ്ഥാനവുമായും ഉൾപ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് ഷിരാദി ചുരം പാത. ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ, റോഡ് അടച്ചിടൽ, പ്രത്യേകിച്ച് മഴക്കാലത്ത് ദീർഘനേരം യാത്ര തടസ്സങ്ങൾ എന്നിവ ഈ ഇടനാഴിയിൽ പതിവാണ്. തടസ്സങ്ങളില്ലാത്ത യാത്ര, കുറഞ്ഞ ഗതാഗത സമയം, തീരത്തിനും ഉൾപ്രദേശങ്ങൾക്കും ഇടയിലുള്ള വാണിജ്യ ഗതാഗതം എന്നിവയാണ് നിർദിഷ്ട തുരങ്കത്തിന്റെ ലക്ഷ്യം. സംയോജിത സമീപനം ഏകോപനം മെച്ചപ്പെടുത്തുമെന്നും ജോലി വേഗത്തിലാക്കുമെന്നും ചൗട്ട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

