ഷെട്ടിഹള്ളി വന്യജീവി സങ്കേതം: വനംമന്ത്രി സന്ദർശിച്ചു
text_fieldsഈശ്വര്‍
ഖന്ദ്രെ
ബംഗളൂരു: ശിവമൊഗ്ഗയിലെ ഷെട്ടിഹള്ളി വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം കുറച്ച് പുതിയ അതിർത്തി നിര്‍ണയിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാന്‍ വനംമന്ത്രി ഈശ്വര്‍ ഖന്ദ്രെ വന്യജീവി സങ്കേതം സന്ദർശിച്ചു. 2016 മുതൽ അതിർത്തി നിര്‍ണയിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. രേഖകള്‍ പ്രകാരമുള്ള വനാതിര്‍ത്തിക്കുള്ളില്‍ ഒരു ബസ് സ്റ്റേഷൻ, നിരവധി സർക്കാർ കെട്ടിടങ്ങൾ, നഗരത്തിന്റെ ഒരുഭാഗം, ജനവാസ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. സ്ഥലം സന്ദര്‍ശിക്കുകയും ഇതിനകം രണ്ട് യോഗങ്ങള്‍ നടത്തുകയും ചെയ്തെന്നും അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമപരമായ സങ്കീർണതകൾ കണക്കിലെടുത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ നിർദേശം മാറ്റിവെച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഖന്ദ്രെയുടെ സന്ദർശനം. വനംവകുപ്പും സംസ്ഥാന സർക്കാറും കഴിഞ്ഞ കുറേ വർഷങ്ങളായി വാദിക്കുന്നത് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം 695 ചതുരശ്ര കിലോമീറ്ററല്ല, മറിച്ച് ഏകദേശം 395 ചതുരശ്ര കിലോമീറ്ററാണെന്നും ഇത് അബദ്ധത്തില്‍ രേഖകളില്‍ വന്നെന്നുമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 18 പ്രകാരം 1974ൽ വിജ്ഞാപനംചെയ്ത ഈ വന്യജീവി സങ്കേതം 700 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള പ്രദേശമായി രേഖകളില്‍ കാണിക്കുന്നു.
വിസ്തീര്‍ണം 395 ചതുരശ്ര കിലോമീറ്ററായി കുറക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർഥന ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ആദ്യം അംഗീകരിച്ചു. കൂടാതെ ഭദ്ര ടൈഗർ റിസർവിന്റെ ബഫർ ഏരിയയിലേക്ക് രണ്ട് വനപ്രദേശങ്ങൾ ചേർക്കണമെന്ന് നിബന്ധനകൂടി ഉള്‍പ്പെടുത്തി. കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി അടുത്ത യോഗത്തിൽ വന്യജീവി സങ്കേതത്തിൽ വനപ്രദേശങ്ങൾ ഉൾപ്പെടുത്താൻ നിര്‍ദേശിച്ചു. സർക്കാറിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സഹായിക്കുന്ന കേന്ദ്ര ഉന്നതാധികാര സമിതിക്ക് സംരക്ഷണ പ്രവർത്തകർ കത്തെഴുതിയിരുന്നു.
നിയമത്തിലെ സെക്ഷൻ-18 പ്രകാരം വന്യജീവി സങ്കേതത്തിന്റെ വിസ്തൃതിയല്ല അതിർത്തിയാണ് നിർവചിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. 30,000 ഏക്കർ വിജ്ഞാപനം ചെയ്ത് വനം കൈയേറ്റത്തിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

