ശക്തി പദ്ധതി; ബി.എം.ടി.സിയെ സാരമായി ബാധിക്കുന്നു
text_fieldsബംഗളൂരു: ശക്തി പദ്ധതി ബി.എം.ടി.സിയെ സാരമായി ബാധിക്കുന്നുവെന്ന് അധികൃതര്‍. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) 2023 മുതൽ ആയിരത്തിലധികം ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി മുടങ്ങിക്കിടക്കുന്നു.
ഡീസൽ കുടിശ്ശികയായി 650 കോടി രൂപ നൽകാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ ആരോപിച്ചു. ജീവനക്കാരുടെ ഇൻഷുറൻസ് പേമെന്‍റുകൾക്കും പ്രൊവിഡന്‍റ് ഫണ്ടിനുമുള്ള പണവും വകമാറ്റിയതായി യൂനിയൻ പ്രസിഡന്‍റ് എച്ച്.ആർ. ജഗദീഷ് ആരോപിച്ചു. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിലേക്ക് കുടിശ്ശിക അടക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും ഡീസൽ വില വര്‍ധനവും സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു.
ശക്തി പദ്ധതിക്കായി സർക്കാർ കുറഞ്ഞത് 6,500 കോടി രൂപയെങ്കിലും നൽകണം. നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകളും ഏകദേശം 8,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ഫണ്ടിന്‍റെ അപര്യാപ്തത ബി.എം.ടി.സിയുടെ ഫ്ലീറ്റ് അറ്റകുറ്റപ്പണികളെയും ബാധിച്ചിട്ടുണ്ട്. സ്പെയർ പാർട്സ് വാങ്ങാൻ കുറഞ്ഞത് 50 കോടി രൂപയെങ്കിലും ആവശ്യമായതിനാൽ കോർപറേഷന് അവ ആവശ്യത്തിന് വാങ്ങാൻ കഴിയുന്നില്ല.
ബസുകളുടെ സ്പെയർ പാർട്സ് മാറ്റിവെക്കാന്‍ സാധിക്കുന്നില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. തന്മൂലം ഡ്രൈവർമാർക്ക് കനത്ത തുക പിഴയിനത്തില്‍ അടക്കേണ്ടി വരികയും ചെയ്യുന്നു. ബി.എം.ടി.സിക്ക് പ്രതിദിനം ഏകദേശം 2.5 ലക്ഷം ലിറ്റർ ഡീസൽ ആവശ്യമാണെന്ന കാര്യം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും ഗതാഗത മന്ത്രി ബൈരതി സുരേഷിന്‍റെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
അടിയന്തര മുന്‍ കരുതല്‍ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗതാഗത കോർപറേഷന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സർക്കാറിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

