യുവതിക്കുനേരെ ലൈംഗികാതിക്രമം; പൊലീസ് പട്രോളിങ് ശക്തമാക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം
text_fieldsബംഗളൂരു: എസ്.ജി പാളയ ഭാരതി ലേഔട്ടിൽ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായി. ഭാരതി ലേഔട്ട് ഫസ്റ്റ് ക്രോസിൽ കഴിഞ്ഞ ദിവസം പുലർച്ച 1.55 ഓടെയാണ് സംഭവം. കൂട്ടുകാരിക്കൊപ്പം നടന്നുവരുകയായിരുന്ന യുവതിയെ പിന്തുടർന്നുവന്ന ഒരാൾ പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നു.
യുവതി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സമീപവാസിയായ ലേകേഷ് ഗൗഡയുടെ പരാതിയിൽ എസ്.ജി പാളയ പൊലീസ് കേസെടുത്തു. അതേസമയം, ബംഗളൂരുവിലെ ഒരോ ഏരിയയിലും പൊലീസ് പട്രോളിങ് ഊർജിതമാക്കാൻ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു.
ബംഗളൂരു പോലെയുള്ള വൻ നഗരങ്ങളിൽ അവിടെയും ഇവിടെയുമെല്ലാം ഇത്തരം സംഭവങ്ങൾ അരങ്ങേറാറുണ്ടെന്നും എന്നാൽ, ബംഗളൂരുവിൽ പൊലീസ് സാന്നിധ്യം ശക്തമായതിനാൽ ഇത്തരം സംഭവങ്ങൾ താരതമ്യേന കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം വൻ മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദയോട് നഗരത്തിലെ പട്രോളിങ് ശക്തമാക്കാനും നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കാനും ആഭ്യന്തര മന്ത്രി നിർദേശിച്ചു. മഴയും മഞ്ഞും വകവെക്കാതെ പൊലീസ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ബംഗളൂരുവിൽ സമാധാനമുള്ളത്. എപ്പോഴും ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

