കർണാടകയിൽ ഏക സിവിൽ കോഡ് സജീവ പരിഗണനയിൽ -മുഖ്യമന്ത്രി
text_fieldsബംഗളൂരുവിൽ ഭരണഘടനാ ദിനാചരണത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി എന്നിവർ പ്രതിജ്ഞയെടുക്കുന്നു
ബംഗളൂരു: സമത്വം ഉറപ്പാക്കാൻ കർണാടകയിൽ ഏക സിവിൽകോഡ് നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഭരണഘടന ദിനത്തിൽ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ബി.ജെ.പിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമാണ് ഏക സിവിൽകോഡെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ് സംബന്ധിച്ച് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്.
അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി എല്ലാ വശവും പരിഗണിച്ചാണ് നിയമം നടപ്പാക്കുകയെന്നും അത് നടപ്പാക്കേണ്ടത് പ്രധാനമാണെന്നും ബൊമ്മൈ പറഞ്ഞു.
വെള്ളിയാഴ്ച ശിവമൊഗ്ഗയിൽ ബി.ജെ.പി പ്രവർത്തകരുടെ ത്രിദിന ക്യാമ്പിലും ബൊമ്മൈ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദീൻദയാൽ ഉപാധ്യായയുടെ കാലം മുതൽ ഏക സിവിൽകോഡിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഇപ്പോൾ രാജ്യത്ത് ഗൗരവമായ ചർച്ച നടക്കുന്നുണ്ടെന്നും അനുയോജ്യമായ സമയമെത്തുമ്പോൾ അത് നടപ്പാക്കുമെന്നും ബൊമ്മൈ പറഞ്ഞു. മതപരിവർത്തന നിരോധന നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചിലർ പറയുന്നു. എന്നാൽ, നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്ന് സുപ്രീംകോടതിതന്നെ ഇപ്പോൾ ഉത്തരവിട്ടതായും അദ്ദേഹം ചുണ്ടിക്കാട്ടി.
കർണാടകയിലെ വോട്ടർ പട്ടിക വിവരം ചോർന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനോ സംഘടനയോ ഏജൻസിയോ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിയോട് അടുത്ത ബന്ധം പുലർത്തുന്ന ചിലുമെ എന്ന സന്നദ്ധ സംഘടനയാണ് വോട്ടർ പട്ടിക രേഖ പുറത്തായതിന് പിന്നിലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

