കശുമാങ്ങയും കശുവണ്ടിയും വേർതിരിക്കാൻ ഇനി യന്ത്രം
text_fieldsകശുമാവ്-കശുവണ്ടി വേർതിരിക്കൽ യന്ത്രം
മംഗളൂരു: കശുമാങ്ങയും കശുവണ്ടിയും വേർതിരിക്കുന്ന യന്ത്രം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന കശുമാവ് ഗവേഷണ ഡയറക്ടറേറ്റ് വികസിപ്പിച്ചു. മനുഷ്യർ ചെയ്തിരുന്ന ഈ ജോലി യന്ത്രസഹായത്തോടെ എളുപ്പം വേഗത്തിൽ സാധ്യമാകും. കോയമ്പത്തൂരിലെ കേന്ദ്ര കാർഷിക എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് മേഖല കേന്ദ്രവുമായി സഹകരിച്ചാണ് യന്ത്രം വികസിപ്പിച്ചത്.
കാര്യക്ഷമമായ കശുവണ്ടി വേർതിരിക്കലിനായി യന്ത്രവത്കൃത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി അഞ്ച് വർഷത്തെ ഗവേഷണ സംരംഭം 2020ലാണ് ശാസ്ത്രജ്ഞർ ഏറ്റെടുത്തത്. അന്ന് മുതൽ ഗവേഷണസംഘം കശുമാവിന്റെയും പരിപ്പിന്റെയും എൻജിനീയറിങ് ഗുണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തി. ഇത് നൂതനമായ വേർതിരിക്കൽ സാങ്കേതികവിദ്യകളുടെ വികാസത്തിലേക്ക് നയിച്ചു.
ഡോ. കെ. മഞ്ജുനാഥ (ഐ.സി.എ.ആർ-ഡി.സി.ആർ, പുത്തൂർ), ഡോ. രവീന്ദ്ര നായിക് (ഐ.സി.എ.ആർ-സി.ഐ.എ.ഇ, ആർ.എസ്, കോയമ്പത്തൂർ), ഡോ. ഡി. ബാലസുബ്രഹ്മണ്യൻ (ഐ.സി.എ.ആർ-ഡി.സി.ആർ, പുത്തൂർ), ഡോ. ജെ. ദിനകര അഡിഗ (ഡയറക്ടർ, ഐ.സി.എ.ആർ-ഡി.സി.ആർ, പുത്തൂർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം ഇതിൽ നിർണായക പങ്ക് വഹിച്ചു. കർശനമായ പരിശോധനയിലൂടെയും ഒന്നിലധികം ഡിസൈൻ ആവർത്തനങ്ങളിലൂടെയും മൂന്ന് മോഡലുകൾ വിജയകരമായി വികസിപ്പിച്ചെടുത്തു.
ഷിയർ-കട്ടിങ് ബ്ലേഡുകളുള്ള ഒരു പെഡൽ-ഓപറേറ്റഡ് കശുവണ്ടി സെപ്പറേറ്റർ, 83.0 ശതമാനം കാര്യക്ഷമതയും കുറഞ്ഞ പരിപ്പ് കേടുപാടുകളും (അഞ്ച് ശതമാനത്തിൽ താഴെ) മണിക്കൂറിൽ 15 കിലോഗ്രാം വേർതിരിക്കൽ ശേഷിയുമുള്ള യന്ത്രം സ്വമേധയാ പ്രവർത്തിപ്പിക്കാനാവും.ഒരു പോർട്ടബിൾ സെമി-ഓട്ടോമാറ്റിക് കശുവണ്ടി സെപ്പറേറ്റർ വളച്ചൊടിക്കുന്ന സംവിധാനമുള്ള ഒരു യന്ത്രമാണ്. മണിക്കൂറിൽ 35 കിലോഗ്രാം വേർതിരിക്കൽ ശേഷിയും 92.0 ശതമാനം കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
പൂർണമായും ഓട്ടോമാറ്റിക് ത്രീ-ഇൻ-വൺ കശുവണ്ടി സെപ്പറേറ്റർ, പരിപ്പ് വേർതിരിക്കൽ, പൾപ്പ് വേർതിരിച്ചെടുക്കൽ, നാരുകളുള്ള വസ്തുക്കൾ നീക്കംചെയ്യൽ എന്നിവക്ക് കഴിവുള്ള ഉയർന്നശേഷിയുള്ള യന്ത്രമാണിത്. മണിക്കൂറിൽ 300 കിലോഗ്രാം ശേഷി കൈവരിക്കുന്നു. 99 ശതമാനത്തിൽ കൂടുതൽ കാര്യക്ഷമതയും ഒന്നിൽ താഴെ കായ് കേടുപാടുകൾ മാത്രം.
ഈ യന്ത്രങ്ങൾ തൊഴിൽ ആശ്രിതത്വം കുറക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും കശുവണ്ടി കർഷകർക്ക് പ്രത്യേകിച്ച് ചെറുകിട, നാമമാത്ര കർഷകർക്ക് ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കെ. മഞ്ജുനാഥ പറഞ്ഞു. മൂന്ന് കശുവണ്ടി സെപ്പറേറ്ററുകൾക്കും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
വാണിജ്യവത്കരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പിൽ കർണാടക രാമനഗരയിലുള്ള മെസേഴ്സ് ഫിസൺ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡുമായി സാങ്കേതിക ലൈസൻസിങ്ങിനായി പുത്തൂർ കശുമാവ് ഗവേഷണ ഡയറക്ടറേറ്റ് ധാരണപത്രത്തിൽ ഒപ്പുവെച്ചു.
യന്ത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ കമ്പനിയാണ് നടത്തുകയെന്ന് മഞ്ജുനാഥ് പറഞ്ഞു. മെഷീൻ വാങ്ങുന്നതിന് കർഷകർക്ക് രാമനഗരയിലെ മായാഗനഹള്ളിയിലുള്ള ഫിസൺ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

