വ്യാജ ആയുർവേദ ഉൽപന്ന വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ ആയുർവേദ ഉൽപന്നങ്ങള് വില്പന നടത്തിയ കേസില്‍ ഡൽഹി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമുകൾ വഴി ശരീരഭാരം കുറക്കാനുള്ള പൊടിയും വ്യാജ ആയുർവേദ ഉൽപന്നങ്ങളും നിർമിച്ച് വിൽപന നടത്തിയ കേസിൽ രാജീവ് ഖന്നയെയാണ് (56) അറസ്റ്റ് ചെയ്തത്.
പ്രതി ഒന്നര വർഷമായി ഈ ബിസിനസ് നടത്തിവരികയാണ്. കൂട്ടുപ്രതികളും പ്രതിയുടെ മക്കളുമായ ഹിമാൻഷു (29), മനൻ ഖന്ന (25) എന്നിവർക്കെതിരെയും കേസെടുത്തു. ഇരുവരും ഒളിവിലാണ്. തുമകുരു ജില്ലയിലെ യാരഗുണ്ടെ ഗ്രാമത്തിലെ ജീനി കമ്പനിയുടെ ഉടമയായ ധനലക്ഷ്മി 2025ൽ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിലെ ആർ.കെ. ട്രേഡേഴ്സ് ജീനി കമ്പനിയുടെ ട്രേഡ് മാര്‍ക്ക് ദുരുപയോഗം ചെയ്യുകയും അതേ ബ്രാൻഡില്‍ ഓൺലൈനായി ഉൽപന്നങ്ങൾ വിറ്റെന്നും പരാതിയിൽ പറയുന്നു. മാർച്ച് 27 ന് ന്യൂഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്തെ പഞ്ചാബി മൊഹല്ലയിലെ ഗോഡൗണിൽ പൊലീസ് റെയ്ഡ് നടത്തി. വ്യാജ ജീനി കമ്പനി ഉൽപന്നങ്ങൾ, ഡ്യൂപ്ലിക്കറ്റ് ആയുർവേദ ഗുളികകൾ, ബ്യൂട്ടി ക്രീമുകൾ, ആയുർവേദ പൊടികൾ എന്നിവ കണ്ടെടുത്തു. ആവശ്യമായ സുരക്ഷ മുൻകരുതലുകളോ അംഗീകാരങ്ങളോ ഇല്ലാതെ ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ആർ.കെ. ട്രേഡേഴ്സ്, എം.കെ. ട്രേഡേഴ്സ്, എം.എച്ച്.കെ. ട്രേഡേഴ്സ് എന്നീ ബ്രാന്‍ഡുകളുടെ പേരില്‍ ഉൽപന്നങ്ങൾ വിൽക്കുകയായിരുന്നുവെന്ന് തുമകുരു പൊലീസ് സൂപ്രണ്ട് കെ.വി. അശോക് പറഞ്ഞു. മാർച്ച് 28ന് ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തുമകുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടു. ഗോതമ്പ് മാവ് പാത്രങ്ങളിൽ നിറച്ച് ഡ്യൂപ്ലിക്കറ്റ് ലേബലുകളിൽ ജീനി സ്ലിം പൗഡർ എന്ന പേരിൽ വിറ്റതായും യഥാർഥ ആയുർവേദ ഗുളികകളും പൊടികളും എന്ന് ലേബൽ ചെയ്ത് ഗോതമ്പ് മാവ് വിറ്റതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

