വിദ്യാർഥിനിയെ ചുംബിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsബംഗളൂരു: പീനിയയിൽ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിൽ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സ്റ്റെയർ കേസിൽ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി.
പെൺകുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാൽ, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും പരാതിയിൽ പറയുന്നു. പെൺകുട്ടി പിന്നീട് പൊലീസിൽ നേരിട്ട് പരാതി നൽകി. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പി.ജി ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

