സുരക്ഷ അനുമതിയായി; യെല്ലോ ലൈനിൽ സർവിസ് ഉടന്‍
text_fieldsബംഗളൂരു: ആര്.വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്ര സര്‍വിസ് ആരംഭിക്കുന്നതിനുള്ള സുരക്ഷ അനുമതി ലഭിച്ചു. കഴിഞ്ഞദിവസങ്ങളിലായി നടന്ന സുരക്ഷ പരിശോധനക്കു പിന്നാലെ മെട്രോ റെയില്‍ സുരക്ഷ കമീഷണര്‍ എ.എം. ചൗധരിയാണ് അനുമതി നല്‍കിയത്.
സുരക്ഷ കമീഷണറുടെ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം വൈകാതെ സർവിസ് ആരംഭിക്കുമെന്ന് ബി.എം.ആര്.സി.എല്‍ അറിയിച്ചു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ സർവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊണ്ട് ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിപ്പിക്കാനാണ് ബി.എം.ആർ.സി.എല്ലിന്റെ നീക്കം.
സൗത്ത് ബംഗളൂരുവിലെ സില്‍ക്ക് സിറ്റി ബോര്‍ഡ് ജങ്ഷന് , ഇലക്ട്രോണിക്സ് സിറ്റി, ബി.ടി.എം ലേഔട്ട്, എച്ച്.എസ്.ആർ ലേഔട്ട്, ബൊമ്മനഹള്ളി, ബൊമ്മസാന്ദ്ര തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ലൈനാണിത്. 19.15 കിലോമീറ്റർ ദൈർഘ്യത്തിൽ പൂർണമായും ആകാശപാതയായാണ് യെല്ലോ ലൈൻ നിർമിച്ചിട്ടുള്ളത്.
ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡിൽനിന്ന് (ആർ.വി റോഡ്) ആരംഭിച്ച് റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുട്ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബരതീന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ബയോകോൺ ഹെബ്ബഗൊഡി, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
തുടക്കത്തില്‍ 20 മിനിറ്റ് ഇടവേളകളില്‍ ഡ്രൈവറില്ലാത്ത മൂന്ന് ട്രെയിനുകള്‍ സര്‍വിസ് നടത്തുന്ന രീതിയിലാകും യെല്ലോ ലൈനിന്റെ പ്രവര്‍ത്തനം. രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെ സര്‍വിസ് നടത്തും. പ്രതിദിനം ഏകദേശം 30 മുതൽ 40 വരെ ട്രിപ്പുകളുണ്ടായിരിക്കും. 25,000 ആളുകൾ യാത്ര ചെയ്യുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ ട്രെയിനുകള്‍ ലഭ്യമായാല്‍ മാര്‍ച്ച് 2026 ഓടുകൂടി സര്‍വിസ് പൂർണ തോതില്‍ ആരംഭിക്കും. തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകൾ തമ്മിലുള്ള ഇടവേള അഞ്ച് മിനിറ്റോ അതിലും കുറഞ്ഞ സമയമോ ആയി കുറക്കും. 2016ൽ ആരംഭിച്ച പാതയുടെ നിർമാണം 2022 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പല കാരണങ്ങളാൽ വൈകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

