കണ്ണീരണിഞ്ഞ കാത്തിരിപ്പുമായി കുടുംബം; ഷാദിൽ കാണാമറയത്തുതന്നെ
text_fieldsബംഗളൂരു: വീട്ടുകാരറിയാതെ നാടുവിട്ടുപോന്ന മലയാളി ബാലനെ കണ്ടെത്താൻ ബംഗളൂരുവിൽ തിരച്ചിൽ ഊർജിതം. മലപ്പുറം തിരൂർ ചമ്രവട്ടം പുതുപ്പള്ളി നമ്പ്രം നീറ്റിയാട്ടിൽ സക്കീർ- സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാദിലിനെയാണ് (15) ഈ മാസം 22 മുതൽ കാണാതായത്.
വൈകീട്ട് ആറോടെ വീട്ടിൽനിന്ന് പോയ ഷാദിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ- യശ്വന്ത്പുര എക്സ്പ്രസിൽ കയറി പിറ്റേദിവസം രാവിലെ യശ്വന്ത്പൂരിൽ ഇറങ്ങിയതായാണ് വിവരം. ബാലൻ യശ്വന്ത്പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിന്റെയും തുടർന്ന് യശ്വന്ത്പുരം എ.പി.എം.സി മാർക്കറ്റ് യാർഡിലൂടെ നടന്നുപോകുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നത് നേരിൽ കണ്ടവരുമുണ്ട്. എന്നാൽ, പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഷാദിലിന്റെ മിസിങ് കേസുമായി ബന്ധപ്പെട്ട് തിരൂർ പൊലീസും നാട്ടിൽനിന്ന് ഒരു സംഘം യുവാക്കളും ബംഗളൂരുവിലെത്തിയിട്ടുണ്ട്. തുടർന്ന് യശ്വന്ത്പുരം റെയിൽവേ പൊലീസിലും സ്റ്റേഷൻ മാസ്റ്റർക്കും യശ്വന്ത്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
ബംഗളൂരുവിലെ മലയാളി സംഘടനകളുടെ സംഘടനകളും തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്. ബാലനെ കുറിച്ച് വിവരം തേടി പ്രവാസി സംഘടനകളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അവസാനം ലഭിച്ച സി.സി ടി.വി ദൃശ്യങ്ങൾ പ്രകാരം, മുണ്ടും കറുത്ത ഷർട്ടുമാണ് വേഷം.
മുഹമ്മദ് ഷാദിലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8861400250, 9544773169, 9656030780 നമ്പറുകളിലോ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

