യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം
text_fieldsകടുവയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുന്നു
ബംഗളൂരു: നാഗർഹോളെയിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം. ഹുൻസൂർ സൊല്ലാപുര ഫോറസ്റ്റ് റേഞ്ചിൽ നാഗാപുര സ്വദേശി ഹരീഷ് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നവവരനായ യുവാവ് കടുവ ആക്രമണത്തിൽ മരിച്ചത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കടുവയെ ഉടൻ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
തുടർന്ന്, ആനകളെയും ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലടക്കം ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആന പാപ്പാന്മാരുമടക്കം 30ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങളെ തിരച്ചിലിന് നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴക്കിടയിലും തിരച്ചിൽ തുടർന്നു. ഹുൻസൂർ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ മുഹമ്മദ് ഫായിസുദ്ദീൻ, എ.സി.എഫ് ലക്ഷ്മികാന്ത്, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ നന്ദകുമാർ, അഭിഷേക് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
പരിശീലനം ലഭിച്ച ആനകളായ ഗണേശ്, ശ്രീരംഗ എന്നിവരാണ് ആനസംഘത്തിലുള്ളത്. കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ 15 സി.സി.ടി.വി കാമറകളും ഒരുക്കി. യുവാവിന്റെ കഴുത്തിലേറ്റ മുറിവും മറ്റും പരിഗണിക്കുമ്പോൾ കൊലയാളി പുലിയാണെന്ന സംശയമാണ് വനംവകുപ്പ് ഉയർത്തുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഹരീഷിന്റെ മൃതദേഹം നാഗപുര വില്ലേജിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

